12 പേരെ അതി ദാരുണമായി ആക്രമിച്ച പിറ്റ്ബുള്ളിനെ വിരമിച്ച സൈനികന്‍ വെടിവെച്ച് കൊലപ്പെടുത്തി
ഗുരുദാസ്പൂര്‍: 12 പേരെ അതി ദാരുണമായി ആക്രമിച്ച പിറ്റ്ബുള്ളിനെ സ്വയരക്ഷയ്ക്കായി വിരമിച്ച സൈനികന്‍ വെടിവെച്ച് കൊലപ്പെടുത്തി.
പഞ്ചാബിലെ ഗുരുദാസ്പൂരിലാണ് സംഭവം.
പഞ്ചാബിലെ ഗുരുദാസ്പൂരിലെ അഞ്ച് ഗ്രാമങ്ങളിലെ 12 പേരെയാണ് പിറ്റ്ബുള്‍ നായ അതിക്രൂരമായി ആക്രമിച്ചത്. നായയുടെ കടിയേറ്റ പലരുടേയും പരിക്ക് ഗുരുതരമാണ്. ടാംഗോ ഷാ ഗ്രാമം മുതല്‍ ചുഹാന്‍ ഗ്രാമം വരെയുള്ള 15 കിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചരിച്ച നായ ആളുകളെയും വളര്‍ത്തു മൃഗങ്ങളേയും ആക്രമിക്കുകയായിരുന്നു.
ടാംഗോ ഷാ ഗ്രാമത്തിന് സമീപം രണ്ട് തൊഴിലാളികളെയാണ് നായ ആദ്യം കടിച്ചത്. കഴുത്തില്‍ ചങ്ങല വലിച്ചെറിഞ്ഞാണ് ഇരുവരും രക്ഷപ്പെട്ടത്. പിന്നീട്, നായ 60 കാരനായ ദിലീപ് കുമാറിനെ ആക്രമിക്കുകയും കഴുത്തില്‍ കടിച്ച ശേഷം ഏതാനും മീറ്ററോളം വലിച്ചിഴയ്ക്കുകയും ചെയ്തു. ഇയാളുടെ നില ഗുരുതരമാണ്.
ഇവിടെ നിന്ന് ഘരോട്ട റോഡിലേക്ക് ഓടിയ പിറ്റ്ബുള്‍ വഴിയില്‍ കണ്ട നിരവധി മൃഗങ്ങളെ ആക്രമിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് ഇഷ്ടിക ചൂളയില്‍ എത്തിയ നായ നേപ്പാളി വാച്ച്‌മാനായ രാംനാഥിനെ ആക്രമിച്ചു. രണ്ട് തെരുവ് നായ്ക്കളാണ് പിറ്റ്ബുള്ളിന്റെ ആക്രമണത്തില്‍ നിന്ന് രാംനാഥിനെ രക്ഷിച്ചത്. തുടര്‍ന്ന് നായ മറ്റൊരാളെ ആക്രമിക്കുകയും ചെയ്തു. പുലര്‍ച്ചെ അഞ്ച് മണിയോടെ പിറ്റ്ബുള്‍ മറ്റൊരു ഗ്രാമത്തിലെത്തി പ്രഭാത നടത്തക്കാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഇവരെ ആക്രമിച്ചതിന് ശേഷമാണ് വയലില്‍ നടക്കുകയായിരുന്ന വിരമിച്ച ക്യാപ്റ്റന്‍ ശക്തി സിംഗിനെ നായ ആക്രമിച്ചത്. കൈയ്ക്ക് മാരകമായി മുറിവേറ്റ ശക്തി സിംഗ്, നാട്ടുകാരുടെ സഹായത്തോടെ നായയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.