തെലങ്കാനയില്‍ കോണ്‍ഗ്രസ് പാർട്ടിയുടെ സൂപ്പര്‍സ്റ്റാറായി മാറുകയാണ് രേവന്ത് റെഡ്ഡി

single-img
3 December 2023

നിയമസഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയില്‍ വലിയ ഭരണമുറപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ സൂപ്പര്‍സ്റ്റാറായി മാറുകയാണ് രേവന്ത് റെഡ്ഡിയെന്ന ചെറുപ്പക്കാരന്‍. രേവന്ത് റെഡ്ഡി മുന്നില്‍നിന്നും നയിച്ച തെരഞ്ഞെടുപ്പില്‍ കെസിആറിന്‍റെ തെലുങ്കു ദേശം പാര്‍ട്ടിക്ക് അടിതെറ്റി. തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം ഉറപ്പായതോടെ റോഡ് ഷോയുമായാണ് രേവന്ത് റെഡ്ഡി വിജയം പ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷമാക്കിയത്.

ഇന്ന് രാവിലെ മുതല്‍ കോണ്‍ഗ്രസിന്‍റെ മുന്നേറ്റം തുടര്‍ന്നതോടെ രേവന്ത് റെഡ്ഡിയുടെ വസതിക്ക് മുന്നിലും തെലങ്കാനയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തും പ്രവര്‍ത്തകര്‍ ആഘോഷമാരംഭിച്ചിരുന്നു. തേസമയം മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായ തെലങ്കാനയില്‍ ഭരണം തിരിച്ചുപിടിക്കാനായത് മാത്രമാണ് ആശ്വാസം.

സമീപ സംസ്ഥാനമായ കര്‍ണാടകയിലെ പാഠം ഉള്‍കൊണ്ട് കോണ്‍ഗ്രസ് നടത്തിയ പ്രചരണ തന്ത്രങ്ങള്‍ക്കൊപ്പം രേവന്ത് റെഡ്ഡിയെന്ന ക്രൗഡ് പുള്ളറും കൂടി ചേര്‍ന്നതോടെ വിജയം എളുപ്പമായി. നിലവിലെ കണക്ക് പ്രകാരം 64 സീറ്റുകളിലാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറുന്നത്. ബിആര്‍എസ് 40 സീറ്റുകളിലും ബിജെപി 8 സീറ്റുകളിലും മറ്റുള്ളവര്‍ ഏഴു സീറ്റുകളിലുമാണ് മുന്നേറുന്നത്. മൂന്നാം ടേം പ്രതീക്ഷിച്ചിരുന്ന കെസിആറിന്‍റെ നീക്കം അട്ടിമറിച്ചാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കുന്നത്. മധുരം വിതരണം ചെയ്തും റോഡ് ഷോ നടത്തിയും പടക്കം പൊട്ടിച്ചുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെലങ്കാനയിലെ വിജയം ആഘോഷിക്കുന്നത്.

കെസിആറിന്‍റെ തെലുങ്കു ദേശം പാര്‍ട്ടിയിലായിരുന്ന രേവന്ത് റെഡ്ഡി 2017ലാണ് കോണ്‍ഗ്രസിലെത്തുന്നത്. 2021ല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദവിയിലേക്കുമെത്തി. ഇവിടെനിന്നാണ് തെലങ്കാനയില്‍ കോണ്‍ഗ്രസിന്‍റെ ഉയിര്‍ത്തേഴുന്നേല്‍പ്പിന് തുടക്കമായത്. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തെതുടര്‍ന്ന് അധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡി രാജിവെച്ചതോടെയാണ് രേവന്ത് റെഡ്ഡി നേതൃനിരയിലേക്ക് എത്തുന്നത്. ജനം ഒന്നാകെ രേവന്ത് റെഡ്ഡിയെ പിന്തുണക്കുന്ന കാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം കാണാനായത്.

ബിആര്‍എസ് സര്‍ക്കാരിനെതിരെ ഭരണവിരുദ്ധവികാരം ആളികത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം രേവന്ത് റെഡ്ഡി മുന്നില്‍നിന്നു. കോണ്‍ഗ്രസ് നേതൃത്വവും രേവന്ത് റെഡ്ഡിക്കൊപ്പം അണിനിരന്നതോടെ വിജയം കൈപിടിയിലൊതുക്കുകയായിരുന്നു. 2014ല്‍ ആന്ധ്രാപ്രദേശില്‍നിന്ന് തെലങ്കാന വിഭജിക്കപ്പട്ടതുമുതല്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്ത ബിആര്‍എസ് കോട്ടയായ കാമറെഡ്ഡിയിലും മത്സരിക്കുന്ന രണ്ടാമത്തെ സീറ്റായ കൊടംഗലിലും രേവന്ത് റെഡ്ഡി വിജയമുറപ്പിച്ചിട്ടുണ്ട്.