നവീന്‍ ബാബുവിന്റെ മരണത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യുവകുപ്പ്

single-img
19 October 2024

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന റവന്യൂവകുപ്പ്.പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് ഉത്തരവ്. ലാന്റ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസിനാണ് ചുമതല.

പ്രധാനമായും ആറ് കാര്യങ്ങള്‍ അന്വേഷിക്കാനാണ് സർക്കാർ ഉത്തരവില്‍ പറയുന്നത്. മരണം എങ്ങനെ സംഭവിച്ചു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണങ്ങള്‍ പരിശോധിക്കുക, ദിവ്യ എന്തെങ്കിലും തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ, എന്‍ഒസി നല്‍കിയതില്‍ അഴിമതിയുണ്ടോ, മറ്റു ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ അതും പരിശോധിക്കുക എന്നീ കാര്യങ്ങള്‍ അന്വേഷിക്കാനാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്.

നിലവിൽ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ വിജയനെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയ്ക്ക് അന്വേഷണത്തിനുള്ള ചുമതല കൈമാറിയത്. മുൻപ് കണ്ണൂര്‍ കളക്ടര്‍ക്കായിരുന്നു അന്വേഷണ ചുമതല.