ഭൂമി കയ്യേറ്റം; മാത്യു കുഴൽനാടനെതിരെ കേസെടുത്ത് റവന്യൂ വകുപ്പ്

single-img
29 January 2024

ഭൂമി കയ്യേറ്റത്തിന്റെ പേരിൽ കോൺഗ്രസ് നേതാവായ മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ കേസെടുത്ത് റവന്യൂ വകുപ്പ്. അദ്ദേഹത്തോട് ഹിയറിങിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ഭൂസംരക്ഷണ നിയമപ്രകാരമാണ് റവന്യൂ വകുപ്പിന്റെ നടപടി. ആധാരത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് സർക്കാർ അധികഭൂമി കയ്യേറിയതിനാണ് കേസെടുത്തിരിക്കുന്നത്.

സർക്കാരിന്റെ ഭൂമി കൈയേറിയെന്ന വിജിലൻസ് കണ്ടെത്തൽ ശരിവെച്ചും തുടർനടപടി ആവശ്യപ്പെട്ടും ലാൻഡ് റവന്യൂ തഹസിൽദാർ ഇടുക്കി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. കുഴൽനാടൻ 50 സെന്റ് പുറമ്പോക്ക് ഭൂമി കൈയേറി മതിൽ നിർമിച്ചെന്നും ഭൂമി രജിസ്ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങിയപ്പോൾ ഉണ്ടായിരുന്ന 1000 ചതുരശ്ര അടി കെട്ടിടത്തിന്റെ കാര്യം മറച്ചുവെച്ച് നികുതി വെട്ടിച്ചെന്നുമായിരുന്നു വിജിലൻസ് കണ്ടെത്തൽ.