മില്‍മ പാലിന്റെ പുതുക്കിയ വിലവര്‍ധന ഡിസംബര്‍ ഒന്ന് മുതല്‍
തിരുവനന്തപുരം: മില്‍മ പാലിന്റെ പുതുക്കിയ വിലവര്‍ധന ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലുളള വിലയേക്കാള്‍ ഒരു ലിറ്ററിന് ആറ് രൂപയാണ് കൂടുന്നത്.
എന്നാല്‍ ഇത് സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം ഇതുവരെ മില്‍മയ്ക്ക് ലഭിച്ചിട്ടില്ല. ക്ഷീര കര്‍ഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും മില്‍മ ചെയര്‍മാന്‍ കെ എസ് മണിയും മന്ത്രി ജെ ചിഞ്ചു റാണിയും ചേര്‍ന്ന് വില വനര്‍ധനയെ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പാല്‍ വില കൂട്ടാനുളള നിര്‍ദേശം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. നിര്‍ദ്ദേശം ലഭിച്ചിരുന്നെങ്കില്‍ ഇന്നലെ മുതല്‍ പുതുക്കിയ വില വര്‍ധന നടപ്പാക്കാനാണ് മില്‍മ തീരുമാനിച്ചിരുന്നത്.
വില വര്‍ധിപ്പിക്കുന്നതിനുളള അനുമതി ലഭിച്ചാല്‍ വെളളിയാഴ്ച മില്‍മ ഭരണസമിതിയോഗം ചേര്‍ന്ന് തീരുമാനം നടപ്പാക്കും. കൂടാതെ പാല്‍ വിലയോടൊപ്പം അനുബന്ധ ഉത്പന്നങ്ങളുടെയും വില കൂടുമെന്നാണ് മില്‍മ അറിയിച്ചിരിക്കുന്നത്. മില്‍മ പാല്‍ വില ഒരു ലിറ്ററിന് 8.57 രൂപ കൂട്ടണമെന്നായിരുന്നു മില്‍മ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ. ക്ഷീര കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിയാണ് പാല്‍ ഉത്പന്നങ്ങളുടെ വില കൂട്ടുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി ക്ഷീര കര്‍ഷകര്‍ക്കിടയിലുണ്ട്. കൂടാതെ കാലിത്തീറ്റയ്ക്ക് ഉള്‍പ്പെടെ വില ഇരട്ടിയാക്കിയ സാഹചര്യത്തില്‍ ആനുകൂല്യങ്ങള്‍ നേരിട്ട് നല്‍കണമെന്നാണ് ക്ഷീര കര്‍ഷകരുടെ ആവശ്യം