കൂട്ടബലാത്സംഗ കേസ്; പോലീസിൽ നിന്ന് പിരിച്ചുവിടരുതെന്ന് ആവശ്യപ്പെട്ടുള്ള സിഐയുടെ അപേക്ഷ ട്രിബ്യൂണല്‍ തള്ളി
തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സി ഐ പി ആര്‍ സുനുവിന് തിരിച്ചടിയായി ട്രിബ്യുണൽ വിധി . തന്നെ പോലീസിൽ നിന്നും പിരിച്ചുവിടരുതെന്ന് ആവശ്യപ്പെട്ട് സുനു സമര്‍പ്പിച്ച അപേക്ഷ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ തള്ളി. ഇയാൾ പ്രതിയായ കേസില്‍ 31നകം സര്‍ക്കാരിന് വിശദീകരണം നല്‍കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.
പരാതി നൽകാൻ എത്തിയപ്പോൾ സഹായം വാഗ്ദാനം ചെയ്ത് സുനു ഉള്‍പ്പെടെയുള്ളവര്‍ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതിക്കാരിയായ യുവതിയുടെ മൊഴി. ഈ സമയം മറ്റൊരു കേസില്‍ ജയിലിലായിരുന്ന യുവതിയുടെ ഭര്‍ത്താവിനെ പുറത്തിറക്കാന്‍ സഹായിക്കാമെന്നും താന്‍ തൃക്കാക്കര സിഐ ആണെന്നും പറഞ്ഞ് സുനു യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. പിന്നാലെ തൃക്കാക്കരയിലെ വീട്ടില്‍ വെച്ചും കടവന്ത്രയില്‍ വെച്ചും യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി.
നിലവിൽ ബലാത്സംഗം ഉള്‍പ്പെടെ ആറ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുനു. വാർത്ത വിവാദമാകുകയും സുനുവിനെ സര്‍വീസില്‍ നിന്നും പിരിച്ചു വിടാന്‍ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിക്കുകയുമായിരുന്നു . പിരിച്ചുവിടാതിരിക്കാൻ എന്തെങ്കിലും കാരണം അറിയിക്കാന്‍ ഉണ്ടെങ്കില്‍ അതിനായി ഡിജിപി മൂന്ന് ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തു.