സംസ്ഥാനത്ത് അരി വില കുതിച്ചുയർന്നു; ജയ അരിയുടെ വില 60 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നു. ഓണത്തിന് 49 രൂപയായിരുന്നു ഒരു കിലോ ആന്ധ്ര ജയ അരിയുടെ ഹോള്‍സെയില്‍ വില.
എന്നാല്‍ ഇന്ന് അത് എട്ട് രൂപ കൂടി 57ലേക്കെത്തി.ചില്ലറ വ്യാപരികളില്‍ നിന്ന് സാധാരണക്കാര്‍ വാങ്ങുമ്ബോള്‍ 60 രൂപയ്ക്ക് മുകളില്‍ നല്‍കണം.
കര്‍ണാടകയില്‍ നിന്നുള്ള ജയ അരിയുടെ വിലയും നാല് രൂപ കൂടി. റോസ് വടി അരിക്ക് 56 രൂപയും റോസ് ഉണ്ട അരിക്ക് 40 രൂപയുമാണ് ഹോള്‍സെയില്‍ വില. മറ്റു ബ്രാന്‍ഡ്കള്‍ക്കും വില കൂടിയിട്ടുണ്ട്.അരി വില കുതിച്ചുയര്‍ന്നതോടെ സാധാരണക്കാര്‍ക്കൊപ്പം കച്ചവടക്കാരും പ്രതിസന്ധിയിലാണ്. വ്യാപാരം തീരെക്കുറഞ്ഞു. വീണ്ടും വില വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് മില്ലുടമകള്‍ നടത്തുന്നതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
വിളവെടുപ്പില്‍ കാര്യമായ കുറവ് ഉണ്ടായതാണ് അരി വില കൂടാന്‍ കാരണമെന്നാണ് മില്ലുടമകള്‍ പറയുന്നത്. മില്ലുടമകള്‍ വീണ്ടും വില കൂട്ടി ചോദിക്കുന്നതിനാല്‍ പല കടയുടമകളും പുതിയ സ്റ്റോക്ക് എടുക്കുന്നില്ല. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത രീതിയില്‍ വില ഉയരുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന മുന്നറിയിപ്പ്.