സമ്പന്നരുടെ പട്ടിക; അഞ്ച് സ്ഥാനം താഴേക്ക് വീണ് ഗൗതം അദാനി 26-ാം സ്ഥാനത്ത്


പ്രമുഖ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ കീഴിലുള്ള കമ്പനികളുടെ ഓഹരികൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി ഉയർന്നു കൊണ്ടിരിക്കുകയായിരുന്നു. ഓഹരികളുടെ വില അതിവേഗം വർദ്ധിച്ചു കൊണ്ടിരിക്കുകയും, അതേ വേഗതയിൽ അദാനിയുടെ ആസ്‌തി ഉയരുകയും ചെയ്‌തിരുന്നു.
പക്ഷെ , കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വീണ്ടും കാര്യമായ ഇടിവ് നേരിട്ടു, ഇത് ഇപ്പോൾ ബുധനാഴ്‌ചയും തുടരുകയാണ്. ആസ്‌തിയിലെ ഈ ഇടിവ് മൂലം അദ്ദേഹം സമ്പന്നരുടെ പട്ടികയിൽ അഞ്ച് സ്ഥാനം താഴേക്ക് പോയിരിക്കുകയാണ്. അവസാന 24 മണിക്കൂറിനുള്ളിൽ ഗൗതം അദാനിക്ക് 2.6 ബില്യൺ ഡോളറിലധികം അഥവാ ഏകദേശം 21,000 കോടി രൂപയുടെ നഷ്‌ടമുണ്ടായി.
ഓഹരിയിലുണ്ടായ ഇടിവ് മൂലം ഗൗതം അദാനിയുടെ മൊത്തം മൂല്യം കുറഞ്ഞതിനാൽ അദ്ദേഹം വീണ്ടും 26-ാം സ്ഥാനത്തേക്ക് പതിച്ചിരിക്കുകയാണ്. ഫോബ്‌സിന്റെ റിയൽ ടൈം ബില്യണയർ സൂചിക പ്രകാരം അദാനിയുടെ ആസ്‌തി 45.3 ബില്യൺ ഡോളറായി കുറഞ്ഞു. ദീർഘ നാളത്തെ ഇടവേളയ്ക്ക് ശേഷം സമീപ ദിവസങ്ങളിൽ ഓഹരിയിലുണ്ടായ ഉയർച്ച കാരണം അദ്ദേഹം ശതകോടീശ്വരന്മാരുടെ പട്ടികയിൽ അതിവേഗം കയറി 21-ാം സ്ഥാനത്തെത്തിയിരുന്നു.