കോണ്‍ഗ്രസും ബിജെപിയും പടച്ചുവിടുന്ന അപവാദങ്ങള്‍ക്ക് വലതുപക്ഷ മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നു: മുഖ്യമന്ത്രി
സംസ്ഥാനത്തെ സര്‍ക്കാര്‍ പദ്ധതികളെ തുരങ്കം വെക്കാന്‍ യു ഡി എഫും ബിജെപിയും ഒരുമിച്ചു ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫും ബിജെപിയും ഒരേമനസോടെ ഇടതുമുന്നണി സര്‍ക്കാരിനെതിരെ എതിര്‍ക്കുന്നുവെന്നും കഴിഞ്ഞ 7 വര്‍ഷക്കാലത്തെ അനുഭവത്തില്‍ ഒരു വീഴ്ചയും യുഡിഎഫിനും ബിജെപി ക്കും ചൂണ്ടിക്കാണിക്കാനില്ലെന്നും എല്‍ഡിഎഫിന്റെ രണ്ടാവാര്‍ഷിക ആഘോഷ സമാപന സമ്മേളനത്തില്‍ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
‘കോണ്‍ഗ്രസും ബിജെപിയും പടച്ചുവിടുന്ന അപവാദങ്ങള്‍ക്ക് വലതുപക്ഷ മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നു. സർക്കാർ കൊണ്ടുവരുന്ന പദ്ധതികളെ തുരങ്കം വയ്ക്കാന്‍ യുഡിഎഫും ബിജെപിയും ശ്രമിക്കുക്കയാണ്. ബിജെപിയെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് ഇടതുപക്ഷ സര്‍ക്കാരിനെതിരെ നെറികേട് കാട്ടുന്നു.
2016 ന് മുന്‍പ് കേരളം എന്തായിരുന്നു എന്ന് ആരും മറന്നുകാണില്ല. ആ സമയം വലിയ തോതില്‍ നിരാശയുള്ള കാലമായിരുന്നു. സര്‍വ്വ മേഖലയിലും നാടിനെ വലിയ തോതില്‍ പുറകോട്ടടിച്ചു. അഴിമതി കൊടികുത്തി വാഴുന്ന അവസ്ഥയായിരുന്നു. ആ അവസ്ഥ സൃഷ്ടിച്ച യുഡിഎഫ് ആണ് ഇപ്പോൾ ഇടതുമുന്നണി സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്’- മുഖ്യമന്ത്രി പറഞ്ഞു.