റിജില്‍ തട്ടിയെടുത്ത കോടികള്‍ എവിടെ പോയി എന്നതിന്റെ ഉത്തരം കിട്ടി തുടങ്ങി;തട്ടിയെടുത്ത പണം ഉപയോഗിച്ച്‌ വീട് പണി നടത്തി

single-img
15 December 2022

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടുകളില്‍ ക്രമക്കേട് നടത്തി പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ എം പി റിജില്‍ തട്ടിയെടുത്ത കോടികള്‍ എവിടെ പോയി എന്നതിന്റെ ഉത്തരം കിട്ടി തുടങ്ങി.

തട്ടിയെടുത്ത പണം ഉപയോഗിച്ച്‌ വീട് പണിതെന്നും ഓഹരി വിപണിയില്‍ നിക്ഷേപിച്ചെന്നും റിജില്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

12 കോടി 68 ലക്ഷം രൂപ റിജില്‍ തട്ടിയെടുതെന്നാണ് പൊലീസ് പറയുന്നത്. നിലവില്‍ റിജിലിന്റെ അക്കൗണ്ടില്‍ ഏഴുലക്ഷം രൂപ മാത്രമാണ് ഉള്ളത്. വീട് പണിയുന്നതിനായി റിജില്‍ 50 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. വീട് പണിയുന്നതിന് ചെലവഴിക്കുന്നതിന് പകരം ഓഹരി വിപണിയില്‍ നിക്ഷേപിച്ചു. പല തവണയായാണ് നിക്ഷേപിച്ചത്. എന്നാല്‍ നിക്ഷേപിച്ച പണത്തിന്റെ ഭൂരിഭാഗവും നഷ്ടമായതോടെയാണ് തിരിമറി നടത്താന്‍ തീരുമാനിച്ചതെന്ന് റിജില്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

ഇതിനായി കോര്‍പ്പറേഷന്റെ നിര്‍ജ്ജീവമായി കിടന്നിരുന്ന അക്കൗണ്ടുകള്‍ തെരഞ്ഞെടുക്കുകയായിരുന്നു. തിരിമറിയിലൂടെ കിട്ടിയ പണവും ഓഹരി വിപണിയില്‍ നിക്ഷേപിച്ചു. ഭൂരിഭാഗം പണവും നഷ്ടമായതായും റിജില്‍ പൊലീസിനോട് പറഞ്ഞു. ഓണ്‍ലൈന്‍ ഗെയിമിലും പണം ഇറക്കി കളിച്ചു. ഇതിലും നഷ്ടം നേരിട്ടു. തട്ടിപ്പില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും താന്‍ ഒറ്റയ്ക്കാണ് ഇത് ചെയ്തതെന്നും റിജില്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

കഴിഞ്ഞദിവസം കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധുവീട്ടില്‍ നിന്നാണ് ക്രൈംബ്രാഞ്ച് റിജിലിനെ പിടികൂടിയത്. അതിനിടെ, തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുക കോഴിക്കോട് നഗരസഭയ്ക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് തിരികെ നല്‍കി. 10.7 കോടി രൂപയാണ് ബാങ്ക് നഗരസഭയ്ക്ക് തിരികെ നല്‍കിയത്. ഇന്ന് ചേര്‍ന്ന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാന പ്രകാരമാണ് പണം തിരിച്ചു നല്‍കിയത്. കോര്‍പ്പറേഷന്റെ 8 അക്കൗണ്ടുകളില്‍ നിന്നായി 12.68 കോടി രൂപയായിരുന്നു റിജില്‍ തട്ടിയെടുത്തത്. ഇതില്‍ രണ്ടു കോടി 53 ലക്ഷം രൂപ നേരത്തെ ബാങ്ക് നഗരസഭയ്ക്ക് തിരികെ നല്‍കിയിരുന്നു.