ശസ്ത്രക്രിയ കഴിഞ്ഞു; ഏകദിന ലോകകപ്പും റിഷഭ് പന്തിന് നഷ്ടമാകാൻ സാധ്യത

single-img
7 January 2023

കാര്‍ അപകടത്തില്‍ പരിക്കേറ്റതിനെ തുടർന്ന് മുംബൈയിലെ കോകിലെ ബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പരിക്ക് പറ്റിയ കാൽമുട്ടിലെ ശസ്ത്രക്രിയയാണ് ഇന്ന് വിജയകരമായി പൂർത്തിയാക്കിയത്. ശസ്ത്രക്രിയ ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു.

ഇനി കണങ്കാലിനും ഒരു ശസ്ത്രക്രിയ ബാക്കിയുണ്ട്. കണങ്കാലിനേറ്റ പരിക്ക് കാല്‍മുട്ടിനേക്കാള്‍ ഗുരുതരമാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഇനി പൂര്‍ണ കായികക്ഷമത വീണ്ടെടുത്ത് മത്സര ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ റിഷഭ് പന്തിന് കുറഞ്ഞത് എട്ടോ എമ്പതോ മാസമെങ്കിലും വേണ്ടി വരുമെന്നാണ് ആശുപത്രിവൃത്തങ്ങളും ബിസിസിഐ മെഡിക്കല്‍ സംഘവും നല്‍കുന്ന സൂചന.

അങ്ങിനെ വന്നാൽ ഫെബ്രുവരിയില്‍ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയും, ഐപിഎല്ലും ഏഷ്യാ കപ്പും, ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പും പന്തിന് നഷ്ടമായേക്കുമെന്നാണ് കരുതുന്നത്.