ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ഋഷി സുനക് അധികാരമേറ്റു

single-img
25 October 2022

സാമ്പത്തിക വിദഗ്ധന്‍ കൂടിയായ ഇന്ത്യൻ വംശജൻ ഋഷി സുനക് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ഇന്ന് അധികാരമേറ്റു. ബ്രിട്ടീഷ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യൻ വംശജൻ ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്.

ഇന്ന് വൈകിട്ട് നാലു മണിക്ക് ശേഷമായിരുന്നു ചടങ്ങ്. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് രാജ്യത്തിന്റെ 57-ാം പ്രധാനമന്ത്രിയായി ഋഷി സുനക് ഇന്ന് ചുമതലയേറ്റത്.

താൻ രാജ്യത്തെ ഒറ്റക്കെട്ടായി നയിക്കുമെന്ന് ഋഷി സുനക്ക് ചുമതലയേറ്റ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യവേ പറഞ്ഞു.ജനങ്ങളോട് പൂർണമായും വിശ്വാസ്യത പുലര്‍ത്തും. ബ്രിട്ടന്റെ സാമ്പത്തിക സ്ഥിരത താൻ ഉറപ്പുവരുത്തുമെന്നും നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നും ഋഷി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ബ്രിട്ടനെ രക്ഷിക്കാൻ ഋഷി സുനക് എന്തു പദ്ധതികൾ മുന്നോട്ടുവെയ്ക്കും എന്നാണ് ലോകം ഉറ്റുനോക്കുന്നത്.