100 കൺസർവേറ്റീവ് എം പിമാരുടെ പിന്തുണ; ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ ഇന്ത്യൻ വംശജൻ ഋഷി സുനക്

single-img
23 October 2022

100 കൺസർവേറ്റീവ് എം പിമാരുടെ പിന്തുണയുടെ പിൻബലത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് വീണ്ടും മത്സരിക്കാൻ ഇന്ത്യൻ വംശജൻ ഋഷി സുനക്. ഇദ്ദേഹം ഇന്ന് സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അതേസമയം, എതിർ ചേരിയിൽ മത്സരത്തിനിറങ്ങുമെന്ന് സൂചനയുള്ള മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി സുനക് കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ തവണ അവസാന റൗണ്ടിൽ ലിസ് ട്രസിനോട് കീഴടങ്ങിയ പെനി മോർഡന്റ് ആണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച മറ്റൊരാൾ.

ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ കുറഞ്ഞത് 100 എം പിമാരുടെ പിന്തുണയാണ് വേണ്ടത്. ഋഷി സുനക് ആദ്യം തന്നെ ഈ കടമ്പമറികടന്നിരുന്നു. ഇതേവരെ 128 ടോറി എം പിമാരുടെ പിന്തുണ അദ്ദേഹം ഉറപ്പാക്കിയിട്ടുണ്ട്. 100 കടമ്പ കടക്കാൻ ബോറിസ് ജോൺസന് ഇനിയും കൂടുതൽ പേരുടെ പിന്തുണ ആവശ്യമുണ്ട്.

ബ്രിട്ടൻ കടന്നുപോകുന്ന സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കുമെന്നാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിക്കൊണ്ട് ഋഷി സുനക് പ്രഖ്യാപിച്ചത്. താൻ നേരത്തെ ചാൻസലറായിരിക്കെ മോശം ഘട്ടത്തിൽ രാജ്യത്തിന്റെ സമ്പദ്ഘടനയെ മുന്നോട്ടുകൊണ്ടുപോകാൻ തനിക്കായിട്ടുണ്ട്. എന്നാൽ, ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾ കുറച്ചുകൂടി വലുതാണ്. കൺസർവേറ്റീവ് പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുമെന്നും രാജ്യത്തിനു വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നും ഋഷി സുനക് അവകാശപ്പെട്ടു.