ഈ ഞായറാഴ്ച ദൈവം താങ്കളെ കിരീടമണിയിക്കും; അർജന്റീനയ്ക്ക് പിന്തുണയുമായി റിവാൾഡോ
ഖത്തർ ലോകകപ്പിലെ കലാശപ്പോരാട്ടത്തിൽ കിരീടം നേടാൻ അർജന്റീനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം റിവാൾഡോ. വരുന്ന ഞായറാഴ്ച ദൈവം മെസ്സിക്ക് കിരീടമണിയിക്കുമെന്നും ലോകകിരീടം മെസ്സി എന്നോ അർഹിച്ചതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത്തവണ ലോകകപ്പ് ഫൈനലിൽ കളിക്കാൻ ഇനി ഏതായാലും ബ്രസീലും നെയ്മറുമില്ല. അതിനാൽ അർജന്റീനയ്‌ക്കൊപ്പം നിൽക്കുന്നു. “ലയണൽ മെസ്സീ, താങ്കളെപ്പറ്റി ഒന്നും പറയാനില്ല. താങ്കൾ നേരത്തെ തന്നെ ലോക ചാംപ്യനാകേണ്ടയാളാണ്. പക്ഷെ, എല്ലാം ദൈവത്തിനറിയാം. ഈ ഞായറാഴ്ച അവൻ താങ്കളെ കിരീടമണിയിക്കും.-ഇൻസ്റ്റഗ്രാമിൽ റിവാൾഡോ എഴുതി.
സ്വന്തം വ്യക്തിത്വം കൊണ്ടുതന്നെ ഈ കിരീടം നീ അർഹിച്ചതാണെന്നും റിവാൾഡോ അഭിപ്രായപ്പെട്ടു. നീ എപ്പോഴും കളിച്ചുകൊണ്ടിരിക്കുന്ന വിസ്മയിപ്പിക്കുന്ന ഫുട്‌ബോൾ കാരണവും താങ്കൾ കിരീടത്തിന് അർഹനാണ്. എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെയെന്നും റിവാൾഡോ കൂട്ടിച്ചേർത്തു.