റിയാസ് മൗലവി വധക്കേസ് ;വിധി പറഞ്ഞ ജഡ്ജിയെ സ്ഥലംമാറ്റി

single-img
11 April 2024

കാസർകോട്ടെ റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിയെ സ്ഥലംമാറ്റി. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ കെ ബാലകൃഷ്ണനെയാണ് ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി സ്ഥലം മാറ്റം നൽകിയത് .

അതേസമയം ഈ സ്ഥലം മാറ്റത്തിന് റിയാസ് മൗലവി വധക്കേസ് വിധിയുമായി ബന്ധമില്ലെന്നാണ് സൂചന. ചൂരിയിലെ മദ്രസ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ പളളിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു. എന്നാല്‍ എല്ലാ പ്രതികളെയും കഴിഞ്ഞയിടയ്ക്ക് കോടതി വെറുതെവിട്ടു. കേസില്‍പ്രതികളെ വെറുതെ വിടുന്നുവെന്ന് ഒറ്റവരിയിലാണ് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ കെ ബാലകൃഷ്ണന്‍ വിധി പ്രസ്താവിച്ചത്.

തിരഞ്ഞെടുപ്പ് സമയത്ത് വന്ന വിധി വലിയ ചര്‍ച്ചയാവുകയും പ്രതിപക്ഷം ഇത് സര്‍ക്കാരിനെതിരെ ആയുധമാക്കുകയും ചെയ്തു. പിന്നാലെ വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിയുടെ വാദങ്ങള്‍ ദുര്‍ബലമാണെന്നും ശിക്ഷ നല്‍കാനാവശ്യമായ തെളിവുകളുണ്ടെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ പറയുന്നത്.