റിയാസ് മൗലവി വധക്കേസ്; ആർ എസ് എസ് പ്രവർത്തകരായ പ്രതികളെ കോടതി വെറുതെ വിട്ടു
കാസർകോട് ജില്ലയിലെ ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയകേസില്‍ പ്രതികളെ വെറുതെ വിട്ടു. ജില്ല പ്രിന്‍സിപ്പല്‍ സെഷൻസ് കോടതി ജഡ്ജ് കെ. കെ ബാലകൃഷ്ണനാണ് കേസിൽ വിധി പറഞ്ഞത്.
പ്രതികൾ എല്ലാവരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. അതേസമയം വിധിയുടെ പശ്ചാത്തല ത്തില്‍ ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. സംഘപരിവാര്‍ പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവി 2017 മാർച്ച് 20 നാണു കൊല്ലപ്പെട്ടത്. മദ്രസയ്ക്ക് സമീപത്തെ താമസസ്ഥലത്തുവച്ചു കുത്തികൊലപ്പെടുത്തുകയായിരുന്നു. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പി ആയിരുന്ന ഡോ.എ ശ്രീനിവാസിന്‍റെ മേൽനോട്ടത്തിൽ അന്ന് കോസ്റ്റൽ സിഐ ആയിരുന്ന പി.കെ.സുധാകരന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചു. 2019ല്‍ വിചാരണ ആരംഭിച്ചു. കഴിഞ്ഞ 7 വർഷമായി പ്രതികൾ ജാമ്യമില്ലാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു.