സംവിധായകൻ ജോഷിയുടെ വീട്ടിലെ കവർച്ച; മുംബൈയിൽനിന്ന് കാറിലെത്തി മോഷണം; പ്രതി പിടിയിൽ
പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ ജോഷിയുടെ കൊച്ചി പനമ്പിള്ളിനഗറിലെ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ബിഹാർ സ്വദേശിയായ മുഹമ്മദ് ഇർഷാദാണ്ക ർണാടകയിലെ ഉഡുപ്പിയിൽ നിന്നും അറസ്റ്റിലായത് . കഴിഞ്ഞ ദിവസം പുലർച്ചെ നടത്തിയ മോഷണത്തിനു ശേഷം മടങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം.
മഹാരാഷ്ട്ര റജിസ്‌ട്രേഷനിലുള്ള കാറിലാണ് മോഷ്ടാവ് രക്ഷപെട്ടിരിക്കുന്നത് എന്നകാര്യം മനസ്സിലാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉഡുപ്പിയിൽ പിടിയിലായത്. വാഹനത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ പൊലീസ് കർണാടക പൊലീസിനു കൈമാറിയിരുന്നു. ഇതിനെ തുടർന്നാണ് പ്രതി പിടിയിലായത്.
ഇർഷാദ് സഞ്ചരിച്ചിരുന്ന കാറിൽനിന്ന് ജോഷിയുടെ വീട്ടിൽനിന്ന് മോഷ്ടിച്ച സ്വർണ, വജ്രാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ അധികം വൈകാതെ കൊച്ചിയിലേക്കു കൊണ്ടുവരുമെന്നാണ് വിവരം.
ഇയാൾ മുംബൈയിൽനിന്ന് ഒറ്റയ്ക്ക് കാർ ഓടിച്ച് കൊച്ചിയിലെത്തിയാണ് മോഷണം നടത്തിയതെന്നാണ് സൂചന. ജോഷിയുടെ വീടിനെക്കുറിച്ച് ഉൾപ്പെടെ ഇയാൾക്ക് വിവരം ലഭിക്കാൻ തക്കവിധത്തിൽ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തെണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.