ഓസ്ട്രേലിയൻ ഓപ്പൺ: 43-ാം വയസില്‍ ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കി രോഹൻ ബൊപ്പണ്ണ
ഇന്ന് നടന്ന മത്സരത്തിൽ ഓസ്ട്രേലിയൻ ഓപ്പണിൽ ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ. 43–ാം വയസ്സിലാണ് പുരുഷ ഡബിൾസ് ഫൈനലിൽ ബൊപ്പണ്ണയുടെ വിജയം. ഇറ്റലിയുടെ സിമോൺ ബോറെല്ലി– ആന്ദ്രേ വാവസോറി സഖ്യത്തെയാണ് ബൊപ്പണ്ണയും ഓസ്ട്രേലിയൻ താരം മാത്യു എബ്ദനും നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയത്. സ്കോർ– 7(7)–6, 7–5.
കളിയുടെ ആദ്യ സെറ്റിൽ ടൈ ബ്രേക്കറിലാണ് ഇന്ത്യ– ഓസ്ട്രേലിയ സഖ്യത്തിന്റെ വിജയം. തുടർന്ന് രണ്ടാം സെറ്റിൽ ഇറ്റാലിയൻ സഖ്യത്തിന്റെ വെല്ലുവിളി മറികടന്ന്ബൊപ്പണ്ണയും എബ്ദനും വിജയത്തിലെത്തുകയായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഫൈനലിൽ നടന്നത്.
ഒരു ഘട്ടത്തിൽ ടൈ ബ്രേക്കർ വരെ നീണ്ട ആദ്യ സെറ്റ് കൈവിട്ടതോടെ രണ്ടാം സെറ്റില്‍ തിരിച്ചുവരാനായി ഇറ്റാലിയൻ സഖ്യം പൊരുതി നോക്കി. എന്നാൽ മത്സരം ഒടുവിൽ ഇന്ത്യ– ഓസ്ട്രേലിയ സഖ്യത്തിന് അനുകൂലമാകുകയായിരുന്നു. ചരിത്രത്തിലെ പ്രായം കൂടിയ ഗ്രാൻഡ് സ്‍ലാം വിജയിയാണ് രോഹൻ ബൊപ്പണ്ണ. കരിയറിലെ രണ്ടാം ഗ്രാൻഡ് സ്‍ലാം കിരീടമാണിത്.