ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും സഞ്ജു തഴയപ്പെട്ടതിന് പിന്നില്‍ രോഹിത് ശര്‍മ്മ
ശ്രീലങ്കക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണ്‍ ഒഴിവാക്കപ്പെട്ടതിന്റെ പിന്നില്‍ ക്യാപ്റ്റൻ രോഹിത് ശര്‍മ്മയുടെ ഇടപെടലെന്ന് റിപ്പോര്‍ട്ടുകള്‍. സഞ്ജുവിനെ ടി20യ്ക്ക് പുറമേ കെഎല്‍ രാഹുലിനെ തഴഞ്ഞ് ഏകദിനത്തിലും അവസരം നല്‍കാനായിരുന്നു സെലക്ടര്‍മാർ തീരുമാനിച്ചതെങ്കിലും രോഹിത് കെ.എല്‍ രാഹുലിനെ ടീമില്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഇപ്പോൾ മോശമായ ഫോമിലായതിനാല്‍ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കൊപ്പം ഏകദിന പരമ്പരയിലും കെഎല്‍ രാഹുലിനെ മാറ്റി നിര്‍ത്താനായിരുന്നു ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നത്. അതിനു പകരമായി സഞ്ജുവിനെ എത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ നായകനായ രോഹിത് ഇതിനോട് യോജിച്ചില്ല.
താൻ നയിക്കുന്ന ഏകദിന ടീമില്‍ സഞ്ജു വേണ്ടെന്നും വിക്കറ്റ് കീപ്പറുടെ സ്ഥാനം രാഹുലിനു നല്‍കണമെന്നും രോഹിത് ആവശ്യപ്പെടുകയായിരുന്നു. ഈ നിർബന്ധത്തിലാണ് സമീപകാലത്തു മോശം ഫോമിലായിട്ടും രാഹുല്‍ ഏകദിന ടീമില്‍ ഇടംപിടിച്ചത്.
അതേസമയം, ശ്രീലങ്കയുമായുള്ള മൂന്നു ടി20കളുടെ പരമ്പരയില്‍ മാത്രമേ സഞ്ജു ഉള്‍പ്പെട്ടിട്ടുള്ളൂ. ഇഷാന്‍ കിഷനാണ് സംഘത്തിലെ വിക്കറ്റ് കീപ്പര്‍. സഞ്ജുവിനാവട്ടെ ടീമിൽ സ്പെഷ്യലിസ്റ്റ് ബാറ്ററുടെ റോളാണുള്ളത്.