ആ രാജകീയ ശബ്ദം ഇനിയില്ല; ഇലക്ട്രിക്ക് ബുള്ളറ്റുകളുമായി റോയല്‍ എന്‍ഫീല്‍ഡ്

single-img
12 May 2023

ബുള്ളറ്റ് ആരാധകരുടെ ഹൃദയതാളമായ ശബ്ദത്തിന് വിടനൽകി ജനപ്രിയ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് ഇരുചക്ര വാഹന വിപണിയിൽ പുത്തൻ പദ്ധതികളുമായി എത്തുന്നു. ഇന്ത്യയിലെ നിലവിൽ ഉള്ളതിൽ ഏറ്റവും പഴക്കം ചെന്ന ഐക്കണിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡും വൈദ്യുതീകരണത്തിന്റെ പാതയിലേക്ക് കടക്കുകയാണെന്ന് കേൾക്കാൻ തുടങ്ങിയിട്ട് ഏറെ കാലമായി.

ഇപ്പോൾ ഇതാ ഇക്കാര്യം സ്ഥിരീകരിച്ച് കമ്പനി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇവി ഉടൻ എത്തിയേക്കുമെന്ന പ്രതീക്ഷയിൽ ത്രില്ലടിച്ചിരിക്കുകയാണ് ആരാധകര്‍. റോയൽ എൻഫീൽഡിന്‍റെ മാതൃകമ്പനിയായ ഐഷർ മോട്ടോഴ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സിദ്ധാർത്ഥ ലാൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയുടെ സാധ്യത തിരിച്ചറിഞ്ഞ് വമ്പന്‍മാരായ ഹീറോ മോട്ടോകോര്‍പ്പ്, ടിവിഎസ്, ബജാജ് എന്നിവര്‍ ഇതിനോടകം നിറത്തിൽ വന്നുകഴിഞ്ഞു. ഹോണ്ടയുടെയും സുസുക്കിയുടെയും ഇലക്ട്രിക് ടൂവീലറുകള്‍ ഉടന്‍ തന്നെ വരാന്‍ പോകുന്നു. ഇതിനിടയിലേക്കാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ കടന്ന് വരവ്.

ആദ്യ ഘട്ടത്തിൽ സ്റ്റാർക്ക് ഫ്യൂച്ചറുമായി സഹകരിച്ചാണ് ഇത് വികസിപ്പിക്കുന്നത്. കമ്പനിയിൽ 50 ദശലക്ഷം യൂറോ നിക്ഷേപിച്ചതിനാൽ സ്റ്റാർക്ക് ഫ്യൂച്ചറുമായി ബ്രാൻഡിന് തന്ത്രപരമായ പങ്കാളിത്തമുണ്ട്. ഈ പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ എപ്പോൾ പുറത്തിറക്കുമെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, രണ്ട് വർഷത്തിനുള്ളിൽ ഇത് അനാച്ഛാദനം ചെയ്യാനുള്ള സാധ്യതയുണ്ട്.

ഇവി മോട്ടോർസൈക്കിൾ പ്ലാനുകളിൽ ഗണ്യമായ പുരോഗതി കൈവരിച്ചതിനാൽ സ്റ്റാർക്ക് ഫ്യൂച്ചറുമായുള്ള പങ്കാളിത്തത്തിന് മികച്ച തുടക്കവും കൈവരിച്ചതിനാൽ ഇവി യാത്രയിൽ ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്നും സിദ്ധാർത്ഥ ലാൽ പറഞ്ഞു.

വരുന്നൂ റോയൽ എൻഫീൽഡ് ഇലക്ട്രിക് ബുള്ളറ്റുകൾ

ആദ്യത്തെ റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്ക് ഉയർന്ന പെർഫോമൻസ് നൽകുമെന്ന് പറയപ്പെടുന്ന 96V സിസ്റ്റം ഫീച്ചർ ചെയ്യുന്നതായി റിപ്പോർട്ടുകള്‍ ഉണ്ട്. കമ്പനിയുടെ പുതിയ L-പ്ലാറ്റ്‌ഫോം L1A, L1B, L1C എന്നിങ്ങനെ തരംതിരിക്കുന്ന ഒന്നിലധികം ബോഡി ശൈലികളെ പിന്തുണയ്ക്കും.

ആര്‍ഇ ഇലക്ട്രിക്ക് 01 ക്ലാസിക് ഡിസൈൻ ഘടകങ്ങൾ വഹിക്കുമെന്നും ഉയർന്ന ഗുണമേന്മയുള്ള സ്പർശനപരമായ ഫിനിഷുകളോടെ വരുമെന്നും ചോർന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ഹെഡ്‌സ്റ്റോക്കിന്റെ ഇരുവശത്തുനിന്നും ഉയർന്നുവരുന്ന രണ്ട് ഫ്രെയിം ട്യൂബുകൾ സ്പോർട് ചെയ്യുന്ന ഒരു അതുല്യമായ ചേസിസ് ഉണ്ടായിരിക്കും.