കേന്ദ്രം കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചതിലൂടെ രണ്ട് ലക്ഷം കോടി രൂപ കോടീശ്വരന്മാരുടെ പോക്കറ്റിൽ: കോൺഗ്രസ്
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ജൂലൈ 23 ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ, പുതുതായി പുറത്തുവിട്ട ഡാറ്റ വ്യക്തികളും കോർപ്പറേഷനുകളും തമ്മിലുള്ള നികുതി വിഹിതത്തിൽ കടുത്ത അസമത്വം വെളിപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.
കണക്കുകൾ പ്രകാരം, 2024 ഏപ്രിൽ 1 മുതൽ ജൂലൈ 1 വരെയുള്ള കാലയളവിൽ മൊത്ത വ്യക്തിഗത ആദായനികുതി പിരിവ് 3.61 ലക്ഷം കോടി രൂപയും മൊത്തം കോർപ്പറേറ്റ് നികുതി പിരിവ് 2.65 ലക്ഷം കോടി രൂപയുമാണെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി.
“വ്യക്തികൾ കമ്പനികളേക്കാൾ കൂടുതൽ നികുതി അടയ്ക്കുന്നു എന്ന് ഞങ്ങൾ കുറച്ചുകാലമായി ഉന്നയിക്കുന്ന കാര്യം ഇത് വീണ്ടും സ്ഥിരീകരിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്നു.”- ഈ അസന്തുലിതാവസ്ഥ ഉയർത്തിക്കാട്ടിക്കൊണ്ട് കോൺഗ്രസ് നേതാവ് പ്രസ്താവിച്ചു.
കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചത് സമ്പന്നർക്ക് ആനുപാതികമായി പ്രയോജനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. “കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചതിലൂടെ കോടീശ്വരന്മാരുടെ പോക്കറ്റിലായത് 2 ലക്ഷം കോടി രൂപയിലധികം ആണ് , അതേസമയം ഇടത്തരക്കാർ കനത്ത നികുതിയുടെ ഭാരം വഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.