ഗവർണറുടെ വിമാന യാത്രക്ക് 30 ലക്ഷം രൂപ അധികം അനുവദിച്ച് സംസ്ഥാന സർക്കാർ

single-img
10 February 2023

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക നിയന്ത്രണവും അധിക നികുതി നിർദ്ദേവും ഉള്ളപ്പോൾ പോലും ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമാന യാത്രക്ക് 30 ലക്ഷം രൂപ അധികം അനുവദിച്ച് സംസ്ഥാന സർക്കാർ. ഈ സാമ്പത്തിക വർഷം വിമാനയാത്രക്കായി സർക്കാർ അനുവദിച്ചിരുന്ന പണം ചെലവാക്കി കഴിഞ്ഞതിനെ തുടർന്നാണ് കൂടുതൽ തുക അനുവദിക്കേണ്ടിവന്നത്. കഴിഞ്ഞ ഡിസംബർ 30 നാണ് അധിക തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി പൊതുഭരണ വകുപ്പിന് കത്ത് നൽകിയത്.

സർക്കാർ- ഗവർണർ പോര് നിലനിൽക്കുമ്പോഴായിരുന്നു ആവശ്യം. സർക്കാർ- ഗവർണർ തർക്കങ്ങളിൽ മഞ്ഞുരുകിയതോടെ ഫയൽ ധനവകുപ്പ് പരിഗണിച്ചു. ജനുവരി 24 ന് എക്സ്പെൻഡിച്ചർ വിംഗ് ഗവർണറുടെ വിമാനയാത്രക്ക് ചെലവായ തുക അനുവദിക്കാൻ അധിക ഫണ്ട് വേണമെന്ന് ബജറ്റ് വിംഗിനോട് ആവശ്യപ്പെട്ടു.

ഈ വർഷം ജനുവരി 26ന് രാജ് ഭവനിലെ വിരുന്നിനെത്തിയ മുഖ്യമന്ത്രിയോടും അധിക തുക അനുവദിക്കുന്ന കാര്യം ഗവർണർ ഉന്നയിച്ചിരുന്നു. പിന്നാലെയാണ് അധികതുക അനുവദിച്ച് ഉത്തരവായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.