കെ- ഫോൺ ബെൽ കൺസോർഷ്യത്തിന് നൽകിയ പലിശ രഹിത മൊബിലൈസേഷൻ ഫണ്ട് വഴി സർക്കാരിന് നഷ്ടം 36 കോടി രൂപ


തിരുവനന്തപുരം : കെ- ഫോൺ ബെൽ കൺസോർഷ്യത്തിന് നൽകിയ പലിശ രഹിത മൊബിലൈസേഷൻ ഫണ്ട് വഴി സർക്കാരിന് നഷ്ടം 36 കോടി രൂപയെന്ന് സിഎജി പരാമർശം. മൊബിലൈസേഷൻ അഡ്വാൻസ് വ്യവസ്ഥകൾ മറികടന്ന് നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തി സിഎജി സർക്കാരിനോട് വിശദീകരണം തേടി. കെഎസ്ഇബി ഫിനാൻസ് ഓഫീസറുടെ നിർദ്ദേശം പോലും അവഗണിച്ചാണ് കരാറുമായി മുന്നോട്ട് പോയത്. ആദ്യ കരാറിൽ ഇല്ലാതിരുന്നിട്ടും എം ശിവശങ്കറിന്റെ വാക്കാലുള്ള നിർദ്ദേശം പരിഗണിച്ചാണ് 10 ശതമാനം മൊബിലൈസ്ഷൻ അഡ്വാൻസ് നൽകാൻ കെഎസ്ഐടിഎൽ തയ്യാറായത്.
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച കെ-ഫോൺ പദ്ധതി നടത്തിപ്പിന് ബെൽ കൺസോർഷ്യത്തെ ഏൽപ്പിച്ച കരാറിലാണ് സിഎജി നഷ്ടക്കണക്ക് ചൂണ്ടിക്കാട്ടുന്നത്. 1531 കോടിക്കായിരുന്നു ടെണ്ടർ ഉറപ്പിച്ചത്. കരാർ തുകയിൽ സാധനങ്ങൾ വാങ്ങാനുള്ള ചെലവിന്റെ പത്ത് ശതമാനമാണ് മൊബിലൈസേഷൻ അഡ്വാൻസ്. ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി രൂപ അഡ്വാൻസ് നൽകിയെന്നും അത് വഴി 36 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയതിലുമാണ് സിഎജി സർക്കാരിനോട് വ്യക്തത തേടിയിട്ടുള്ളത്.
2013 ലെ സ്റ്റോർ പർചേസ് മാനുവൽ അനുസരിച്ച് മൊബിലൈസേഷൻ അഡ്വാൻസ് പലിശ കൂടി ഉൾപ്പെട്ടതാണ്. പലിശ ഒഴിവാക്കി നൽകണമെങ്കിൽ ആരാണോ കരാർ കൊടുത്തത് അവരുടെ ബോർഡ് യോഗത്തിന്റെ അനുമതി വേണമെന്നാണ് സെൻട്രൽ വിജിലൻസ് കമ്മീഷന്റെയും വ്യവസ്ഥ. കെ ഫോണിന്റെ ടെണ്ടറിൽ മൊബിലൈസേഷൻ അഡ്വാൻസിനെ കുറിച്ച് പറയുന്നില്ല. 10 ശതമാനം തുക അഡ്വാൻസ് നൽകണമെന്ന് കെഎസ്ഐടിഎലിന് വാക്കാൽ നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ്. അങ്ങനെ നൽകുന്നെങ്കിൽ എസ്ബിഐ നിരക്കിലും മൂന്ന് ശതമാനം കൂട്ടി പലിശ ഈടാക്കണമെന്ന് കെഎസ്ഇബി ഫിനാൻസ് അഡ്വൈസറും കുറിപ്പെഴുതി. ബെല്ലുമായി ഉണ്ടാക്കിയ പേമെന്റ് ടേംസിൽ പക്ഷെ സർക്കാരിന് കിട്ടേണ്ട പലിശയില്ല. പലിശയിനത്തിൽ മാത്രം സർക്കാരിന് നഷ്ടം 36,35,57,844 കോടിയെന്നാണ് സിഎജി പറയുന്നത്.