ആർഎസ്എസും ബിജെപിയും ഇന്ത്യയെ ‘നാഥുറാം ഗോഡ്‌സെയുടെ രാജ്യ’മാക്കാൻ ആഗ്രഹിക്കുന്നു: തേജസ്വി യാദവ്
രാജ്യത്തെ ഭരണകക്ഷിയായ ബിജെപിക്കും മാതൃസംഘടനയായ ആർഎസ്എസിനുമെതിരെ രൂക്ഷ വിമർശനവുമായി ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്. ബിബിസി ചാനലിന്റെ വിവിധ ഓഫീസുകളിൽ ഐടി വകുപ്പ് നടത്തിയ റെയ്ഡുകളെയും തേജസ്വി യാദവ് വിമർശിച്ചു.
ആർഎസ്എസും ബിജെപിയും ചേർന്ന് ഇന്ത്യയെ ‘നാഥുറാം ഗോഡ്‌സെയുടെ രാജ്യ’മാക്കാൻ ആഗ്രഹിക്കുകയാണെന്ന് തേജസ്വി ആരോപിച്ചു. തങ്ങളെ ചോദ്യം ചെയ്യുന്നവരെ വേട്ടയാടാൻ കേന്ദ്ര സർക്കാറും ബിജെപിയും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ബിബിസി റെയ്ഡിനെ സൂചിപ്പിച്ച് തേജസ്വി പറഞ്ഞു. സത്യം പറയുന്നവർക്കെതിരെ പ്രതികാരം ചെയ്യുകയാണ് കേന്ദ്രത്തിന്റെ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വ്യത്യസ്തമായ മത വിശ്വാസം പിന്തുടരുന്ന, വിവിധ ഭാഷകൾ സംസാരിക്കുന്ന ഐക്യത്തോടെ നിലകൊള്ളുന്ന ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും എന്നാൽ ഹിന്ദുരാഷ്ട്രമാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.