റിട്ട. ഡിവൈഎസ്പി സുകുമാരന്‍ ഒടുവില്‍ ഏറ്റവും യോജിച്ച പാര്‍ട്ടിയില്‍ തന്നെയാണ് എത്തി; ബിജെപി പ്രവേശനത്തിൽ എംവി ജയരാജൻ

single-img
22 September 2024

കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന മുൻ ഡിവൈഎസ്പി പി സുകുമാരനെതിരെ വിമർശനവുമായി സിപിഎം നേതാവ് എം വി ജയരാജൻ. മൂന്നാംമുറയിലൂടെ കുപ്രസിദ്ധനായ റിട്ട. ഡിവൈഎസ്പി സുകുമാരന്‍ ഒടുവില്‍ ഏറ്റവും യോജിച്ച പാര്‍ട്ടിയില്‍ തന്നെയാണ് എത്തിപ്പെട്ടതെന്ന് എം വി ജയരാജൻ പരിഹസിച്ചു.

ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ശരീരത്തിൽ ഉൾപ്പെടെ കമ്പികയറ്റുകയും നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്ത ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാരനാണ് ബിജെപിയില്‍ ചേര്‍ന്ന സുകുമാരൻ. കേസുകൾ പലപ്പോഴും തെളിയിക്കാനാവാതെ വരുമ്പോഴാണ് ഇയാള്‍ ഹീനമായ മൂന്നാംമുറ കുറ്റാരോപിതരുടെ മേല്‍ പലപ്പോഴും പ്രയോഗിച്ചത്.

രാഷ്ട്രീയ വിരോധമുള്ളവരെ വേട്ടയാടാനും കേസില്‍ കുടുക്കാനും തന്‍റെ ഔദ്യോഗിക പദവി ദുരുപയോഗിച്ച ഉദ്യോഗസ്ഥന്‍ കൂടിയാണിയാള്‍. സര്‍വീസിലിരിക്കുന്ന കാലത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വിശ്വസ്തവിധേയനായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു.

നിരപരാധികളെ മൂന്നാംമുറക്കിരയാക്കിയാണ് ഷുക്കൂര്‍ കേസില്‍ പി ജയരാജന്‍, ടി വി രാജേഷ് ഉള്‍പ്പെടെയുള്ളവരെ കള്ളക്കേസില്‍ കുടുക്കിയത്. തലശേരി ഫസല്‍ കേസ് വഴിതിരിച്ചുവിട്ടതും ഇതേ ഉദ്യോഗസ്ഥനാണ്. സര്‍വീസ് കാലയളവില്‍ വലിയ തോതില്‍ ആക്ഷേപത്തിനിരയായ ഉദ്യോഗസ്ഥനാണ് ബിജെപി ഇപ്പോള്‍ രാഷ്ട്രീയ അഭയം നല്‍കിയത്.

ഉത്തരേന്ത്യയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്വീകരിക്കുന്നത് പോലെ കേരളത്തില്‍ പൊലീസിലെ ‘മൂന്നാംമുറക്കാരെ’ ഷാള്‍ അണിയിച്ച് ബിജെപി വരവേല്‍ക്കുകയാണെന്നും എം വി ജയരാജൻ വിമ‍ർശിച്ചു.