റോബിൻ ബസിനെ വീണ്ടും ആർടിഒ തടഞ്ഞു; പരിശോധിച്ച ശേഷം വിട്ട് നൽകി

single-img
26 December 2023

കോടതിയും പ്രശ്നങ്ങളുമായി ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം റോഡിലിറങ്ങിയ റോബിൻ ബസിനെ മൂവാറ്റുപുഴയിൽ വെച്ച് ആർടിഒ തടഞ്ഞു. മൂവാറ്റുപുഴ ആനിക്കാട് വെച്ച് ബസ് പരിശോധിച്ച ശേഷം വിട്ട് നൽകി. ഇന്ന് രണ്ടാം തവണയാണ് റോബിൻ ബസ് അധികൃതര്‍ തടയുന്നത്. തുടർച്ചയായ പെര്‍മിറ്റ് ലംഘനത്തിന്‍റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പുമായി നിയമയുദ്ധത്തിലായിരുന്ന റോബിന്‍ ബസ് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് രാവിലെ വീണ്ടും സര്‍വീസിനിറങ്ങിയത്.

പത്തനംതിട്ടയില്‍ നിന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് ബസ് യാത്ര ആരംഭിച്ചത്. പക്ഷെ , ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധന നടത്തി. യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം മോട്ടോര്‍വാഹന വകുപ്പ് സർവീസ് തുടരാൻ അനുവദിച്ചു.

അതേസമയം, നിയമലംഘനം കണ്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്. ഈ നിലപാട് ചോദ്യം ചെയ്ത് ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജിയിൽ അടുത്ത മാസം അന്തിമ വിധി പറയും.