അഞ്ച് വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആർ ടി പി സി ആർ പരിശോധന കേന്ദ്രസർക്കാർ കർശനമാക്കി
ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്,തായ്‌ലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് ആർ ടി പി സി ആർ പരിശോധന കർശനമായും നടത്തണം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രലയം. ചൈനയിലും അമേരിക്കയിലുമടക്കമുള്ള രാജ്യങ്ങളിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ തീരുമാനം.ആർ ടി പി സി ആർ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആകുന്നവരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കാനും കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.
കൊവിഡ് വ്യാപനം ആശങ്കയുയർത്തുന്നത് കണക്കിലെടുത്ത് ആരോഗ്യ കേന്ദ്രങ്ങളുടെ കൊവിഡ് മുന്നൊരുക്കം നിരീക്ഷിക്കുന്നതിനായി ഡിസംബർ 27ന് ഇന്ത്യയിലുടനീളം മോക്ക് ഡ്രില്ലുകൾ നടത്താനും തീരുമാനമായി. ചൈനയിൽ നിലവിൽ കൊവിഡ് വ്യാപനത്തിന് കാരണമാവുന്ന ഒമിക്രോൺ വകഭേദമായ ബി എഫ്.7 ഇന്ത്യയിൽ നാലുപേർക്ക് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കൊവിഡ് ജാഗ്രത കർശനമാക്കിയത്. ഇവർ നാലുപേരും രോഗമുക്തി നേടിയിരുന്നു. കൂടാതെ ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ആഴ്ചതോറും കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു.