കേരളത്തിൽ നിയമവാഴ്ച തകർന്നു; മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ആരു പറഞ്ഞാലും കേസെടുക്കുന്നു: ഗവർണർ

single-img
23 December 2023

തിരുവനന്തപുരത്ത് ഇന്നുണ്ടായ കോൺഗ്രസ് നേതാക്കൾക്കെതിരായ പൊലീസ് നടപടിയെ വിമർശിച്ച് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിൽ നിയമവാഴ്ച ഇല്ലെന്നും അതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഗവർണർ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പോലീസിനെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണ്. പോലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും ഗവർണർ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു.

ഇതോടൊപ്പം, കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തിൽ ആവശ്യമായ തുടർനടപടി സ്വീകരിച്ചതായും ഗവർണർ അറിയിച്ചു. നിയമം അനുസരിക്കണം. എസ്‌എഫ്‌ഐ പ്രവർത്തകർ തടഞ്ഞത് അന്ധനായ വ്യക്തിയാണെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ തെങ്ങ് നടാൻ പാർട്ടി അനുമതി വേണമെന്ന് ഒരു നോവലിസ്റ്റ് പറഞ്ഞിട്ടുണ്ട്. ഈ നിലയിൽ കേരളത്തെ മാറ്റാനാണ് ശ്രമം.

സിപിഎമ്മിലും എസ്എഫ്ഐഐയിലും ക്രിമിനലുകൾ പ്രവർത്തിക്കുന്നു. മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കുന്നതിൽ പുതുമയില്ല. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ പറയുന്നവർക്കെതിരെ കേസെടുക്കും. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ ആർക്കും ധൈര്യമില്ല. കേരളത്തിലെ മാധ്യമങ്ങൾ ഭീതിയിലാണെന്നും ഗവർണർ കൂട്ടിച്ചേർത്തു .