സമന്തയ്ക്ക് അപൂർവ രോഗമെന്നത് ഗോസിപ്പ്; അമേരിക്കയിലേക്ക് പറന്നത് വെബ് സീരീസായ സിറ്റാഡലിന്റെ പരിശീലനത്തിനു വേണ്ടി; സാമന്ത യുടെ മാനേജർ
കഴിഞ്ഞ കുറച്ചുദിവസങ്ങളായി തെന്നിന്ത്യന്‍ താരം സാമന്ത പ്രഭുവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അടിസ്ഥാനരഹിതമായ നിരവധി കിംവദന്തികള്‍ ആണ് പ്രചരിക്കുന്നത്.
അപൂര്‍വ്വമായ ചര്‍മ്മരോഗത്തെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയില്‍ കഴിയുകയാണ് സാമന്ത എന്ന രീതിയിലാണ് വാര്‍ത്തകള്‍ പരന്നത്. തന്റെ പ്രോജക്റ്റുകളില്‍ നിന്ന് ഒരു ബ്രേക്ക് എടുത്ത് സാമന്ത യുഎസിലേക്ക് പോയതിനു പിന്നാലെയായിരുന്നു ഈ പ്രചരണങ്ങള്‍. എന്നാല്‍ ഗോസിപ്പില്‍ സത്യമില്ലെന്ന് സാമന്തയുടെ മാനേജര്‍ മഹേന്ദ്ര ഇന്ത്യന്‍ എക്സ്‌പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
തന്റെ വരാനിരിക്കുന്ന വെബ് സീരീസായ സിറ്റാഡലിന്റെ പരിശീലനത്തിനായാണ് സാമന്ത യുഎസിലേക്ക് പറന്നത്. റൂസോ ബ്രദേഴ്‌സ് പരമ്ബരയുടെ ഇന്ത്യന്‍ പതിപ്പില്‍ അഭിനയിക്കുന്നതിനായി തീവ്രമായ ശാരീരിക പരിശീലനത്തിലാണ് താരമെന്ന് മാനേജര്‍ വ്യക്തമാക്കി.
“സിറ്റാഡലിലെ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനായി കഠിനമായ പരിശീലനത്തിലാണ് സാമന്ത. തന്റെ കഥാപാത്രത്തിന്റെ ശാരീരിക അവസ്ഥയിലേക്ക് എത്തുന്നതിനായി അവള്‍ അവിടെ വളരെ കര്‍ശനമായ ഫിറ്റ്‌നസും ജീവിതശൈലിയും പിന്തുടരുന്നു. വിനോദ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തരായ വിദഗ്‌ധരാണ് സാമന്തയെ പരിശീലിപ്പിക്കുന്നത്,” സാമന്തയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ദി ഫാമിലി മാന്‍ സംവിധായകരായ രാജും ഡികെയും ചേര്‍ന്നാണ് സിറ്റാഡലിന്റെ ഇന്ത്യന്‍ പതിപ്പ് സംവിധാനം ചെയ്യുന്നത്. ഫാമിലി മാന്റെ രണ്ടാം സീസണില്‍ കേന്ദ്രകഥാപാത്രമായി സാമന്ത അഭിനയിച്ചിരുന്നു. സാമന്തയുമായി ചേര്‍ന്ന് രാജ്- ഡികെ ജോഡികളുടെ രണ്ടാമത്തെ പ്രൊജക്റ്റാണ് സിറ്റാഡല്‍.
അതേസമയം, സാമന്ത അഭിനയിച്ച ശാകുന്തളം, ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ യശോദ എന്നിവ റിലീസിനൊരുങ്ങുകയാണ്. പുരാണകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശാകുന്തളം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.