ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതായ വാര്‍ത്തകള്‍ വ്യാജം: ഉണ്ണിമുകുന്ദൻ
അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ബിജെപിയുടെ സ്ഥാനാര്‍ഥിയായി രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന പ്രചരണങ്ങള്‍ വ്യാപകമാകവേ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. താന്‍ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നതായുള്ള വാർത്തകൾ വ്യാജ മാണെന്നും രാഷ്ട്രീയത്തെ ഗൗരവത്തോടെ സമീപിക്കുന്ന ഒരാളാണ് താനെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.
ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ കുറിപ്പിലാണ് ഉണ്ണി മുകുന്ദന്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ വാക്കുകൾ ഇങ്ങിനെ:
“ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. അത് വ്യാജമാണ്. എന്‍റെ പുതിയ ചിത്രം ഗന്ധര്‍വ്വ ജൂനിയറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. അതൊരു നീണ്ട ഷെഡ്യൂള്‍ ആണ്. അത് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാം.
ഇതുപോലെയുള്ള വാര്‍ത്തകള്‍ പുറത്തുവിടും മുന്‍പ് അതിന്‍റെ വസ്തുതയെക്കുറിച്ച് പരിശോധിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോട് ഞാന്‍ വിനീതമായി അഭ്യര്‍ഥിക്കുന്നു. സമൂഹത്തെ നേരിട്ട് സ്വാധീനിക്കുന്ന ഒന്നെന്ന നിലയില്‍ രാഷ്ട്രീയത്തോടും രാഷ്ട്രീയ പ്രവര്‍ത്തകരോടും വലിയ ബഹുമാനം സൂക്ഷിക്കുന്ന ആളാണ് ഞാന്‍. ലാഘവത്തോടെയല്ല ഞാന്‍ രാഷ്ട്രീയത്തെ സമീപിക്കുന്നത്. ഈ കുറിപ്പിലൂടെ ഞാന്‍ നിലപാട് വ്യക്തമാക്കിയതായി കരുതുന്നു”