കേന്ദ്രത്തിനെതിരെ ഫെബ്രുവരി 16 ന് ഗ്രാമീണ ബന്ദ്; ആഹ്വാനം ചെയ്ത് കർഷക-തൊഴിലാളി സംഘടനകൾ
കേന്ദ്ര സർക്കാരിനെതിരെ സംയുക്ത കിസാൻ മോർച്ചയും സെൻട്രൽ ട്രേഡ് യൂണിയനും ഫെബ്രുവരി 16 ന് ഗ്രാമീണ ബന്ദിന് ആഹ്വാനം ചെയ്തു. കേന്ദ്രത്തിന്റേത് കർഷക, തൊഴിലാളി വിരുദ്ധ നയങ്ങളാണെന്ന് ആരോപിച്ചാണ് സമരം. ഗ്രാമീൺ ബന്ദിൽ വ്യവസായ ശാലകൾ സ്തംഭിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
രാജ്യത്തിന്റെ റിപ്പബ്ലിക്ക് ദിനത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ട്രാക്ടർ മാർച്ച് സംഘടിപ്പിക്കാനും തീരുമാനമുണ്ട്. കർഷകരുടെ മിനിമം താങ്ങുവില (എംഎസ്പി) സംബന്ധിച്ച എംഎസ് സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണം, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പിരിച്ചുവിടണമെന്നും ലഖിംപൂർ ഖേരിയിലെ കർഷകരെ കൊലപ്പെടുത്തിയതിന് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നുമുള്ള ആവശ്യം കൺവെൻഷൻ ആവർത്തിച്ചു.
പ്രധാനമായും ചെറുകിട, ഇടത്തരം കർഷക കുടുംബങ്ങൾക്കുള്ള വായ്പ എഴുതിത്തള്ളൽ ആവശ്യപ്പെട്ടാണ് സമരം. ജനുവരി 10 മുതൽ 20 വരെ വീടുകൾ കയറിയുള്ള പ്രചാരണം സംഘടിപ്പിക്കാനും തീരുമാനമുണ്ട്. കോർപ്പറേറ്റ് – വർഗീയ അച്ചുതണ്ട് സർക്കാർ നയങ്ങൾ തീരുമാനിക്കുന്നു. സ്ത്രീപീഡകരെ സംരക്ഷിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു.