മോദിയെ സ്വീകരിക്കാൻ റഷ്യ ഒരുക്കി വെച്ചത് ചാക്ക്-ചാക്ക്, കൊറോവായ് എന്നീ വിഭവങ്ങൾ

single-img
23 October 2024

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്നലെ റഷ്യയിലെത്തിയിരിക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് അവിടെ ലഭിച്ചത്. അതിഥികളെ ഏറ്റവും മികച്ച രീതിയില്‍ തന്നെ സ്വീകരിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇക്കുറിയും നരേന്ദ്ര മോദിയെ വ്യത്യസ്തമായ വിഭവങ്ങളൊരുക്കിയാണ് സ്വീകരിച്ചത്.

ചാക്ക്-ചാക്ക്, കൊറോവായ് എന്നീ മനോഹരമായ വിഭവങ്ങളാണ് മോദിയെ സ്വീകരിക്കാനായി റഷ്യ ഒരുക്കിവെച്ചിരുന്നത്. രാജ്യത്തെ പരമ്പരാഗത വിഭവങ്ങളാണ് ഇത് രണ്ടും. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞെത്തിയ തദ്ദേശീയരായ വനിതകളാണ് ഈ വിഭവങ്ങള്‍ നല്‍കി മോദിയെ സ്വീകരിച്ചത്.

റഷ്യയുടെ സംസ്‌കാരത്തിന്റെ ചരിത്രത്തിലും വലിയ പ്രാധാന്യമുള്ള വിഭവങ്ങളാണ് ഇന്ത്യന്‍ പ്രധാനമന്ത്രി രുചിച്ചത്. ഗോതമ്പ് മാവ് കുഴച്ചെടുത്ത് ചില ചേരുവകള്‍ കൂടി ചേര്‍ത്ത് ചെറുകഷ്ണങ്ങളാക്കി വറുത്തെടുത്ത് ഉണ്ടാക്കുന്ന മധുരപലഹാരമാണ് ചാക്ക്-ചാക്ക്.

ചതുരക്കട്ടയുടെ ആകൃതിയിലോ ഗോളാകൃതിയിലോ ചാക്ക്-ചാക്ക് ഉണ്ടാക്കാം. ഇന്ന് മോദിക്ക് നല്‍കിയ ചാക്ക്-ചാക്ക് ഗോളാകൃതിയിലുള്ളതായിരുന്നു. റഷ്യയിലെ തതര്‍സ്താന്‍ മേഖലയുടെ ദേശീയ മധുരപലഹാരമാണ് ഇത്. അതേസമയം, അലങ്കാരപ്പണികള്‍ നടത്തിയ ഒരുതരം റൊട്ടിയാണ് കൊറോവായ്.

സാംസ്‌കാരികമായി വലിയ പ്രാധാന്യമുള്ള ഈ വിഭവം മേഖലയിലെ വിവാഹം പോലുള്ള ചടങ്ങുകളിലെ പ്രധാന വിഭവമാണ്. കിഴക്കന്‍ സ്ലാവിക് നാടുകളാണ് കൊറോവായിന്റെ ജന്മദേശം. സ്ലാവുകള്‍ സൂര്യനെ ആരാധിച്ചിരുന്നു. അതിനാല്‍ കൊറോവായ് സൂര്യനെ പോലെ വൃത്താകൃതിയിലാണ് ഉണ്ടാക്കുക. ഐക്യത്തിന്റേയും സമൃദ്ധിയുടേയുമെല്ലാം പ്രതീകം കൂടിയാണ് ഈ വിഭവം.