ബെലാറൂസിൽ ആണവായുധങ്ങൾ വിന്യസിക്കുമെന്ന് റഷ്യ
ബെലാറൂസിൽ തന്ത്രപരമായ ആണവായുധങ്ങൾ വിന്യസിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയുമായി ഇത് സംബന്ധിച്ച കാര്യങ്ങൾ സംസാരിച്ചതായും ആണവായുധങ്ങൾ വിന്യസിക്കാൻ അദ്ദേഹം സമ്മതിച്ചതായും പുടിൻ കൂട്ടിച്ചേർത്തു.
ഇവിടെ അസ്വാഭാവികമായി ഒന്നുമില്ല. പതിറ്റാണ്ടുകളായി അമേരിക്ക ഇത് ചെയ്യുന്നു. അവർ തങ്ങളുടെ തന്ത്രപരമായ ആണവായുധങ്ങൾ തങ്ങളുടെ സഖ്യകക്ഷികളുടെ പ്രദേശത്ത് വളരെക്കാലമായി സ്ഥാപിച്ചിട്ടുണ്ട്- പുടിൻ പറഞ്ഞു.
റഷ്യൻ സേനയെ നേരിടാൻ യുറേനിയം അടിസ്ഥാനമായ ആയുധങ്ങൾ യുക്രെയ്‌ന് നൽകണം എന്ന ബ്രിട്ടന്റെ ആവശ്യത്തിനെതിരെയും പുട്ടിൻ രംഗത്ത് വന്നു. തീർച്ചയായും റഷ്യയ്ക്ക് ഉത്തരം നൽകേണ്ടി വരും. അത്തരം നൂറുകണക്കിന് ഷെല്ലുകൾ ഞങ്ങളുടെ പക്കലുണ്ട്. ഞങ്ങൾ ഇതുവരെ അവ ഉപയോഗിച്ചിട്ടില്ല- പുടിൻ കൂട്ടിച്ചേർത്തു.
ഉക്രെയ്‌നിലെ റഷ്യയുടെ പ്രവർത്തനം കൂടുതൽ നീണ്ടുനിൽക്കുന്തോറും ആണവ യുദ്ധത്തിനുള്ള അപകടസാധ്യത വർദ്ധിക്കും, ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി ICAN കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു.
ലോകത്തെ രണ്ട് പ്രധാന ആണവശക്തികളായ റഷ്യയും അമേരിക്കയും തമ്മിലുള്ള ആയുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ടിൽ മോസ്കോയുടെ പങ്കാളിത്തം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് പുടിൻ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
യുഎസുമായുള്ള ആണവായുധ പരിമിതി ഉടമ്പടി താൽക്കാലികമായി നിർത്തിവച്ചതിന് നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻബെർഗ് റഷ്യയെ വിമർശിച്ചിരുന്നു.