യുക്രൈയ്നിന്റെ കിഴക്കന്‍ മേഖലയില്‍ വീണ്ടും റഷ്യന്‍ ഷെല്ലാക്രമണം
യുക്രൈയ്നിന്റെ കിഴക്കന്‍ മേഖലയില്‍ റഷ്യന്‍ സൈന്യത്തിന്റെ ഷെല്ലാക്രമണം. സ്ലോവിയാന്‍സ്കിലെ ജനവാസ മേഖലയില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുട്ടിയടക്കം 8 പേര്‍ കൊല്ലപ്പെട്ടു.
ആക്രമണത്തില്‍ 21 ലേറെ പേര്‍ക്ക് പരിക്കേറ്റു. അപ്പാര്‍ട്മെന്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു റഷ്യയുടെ ഷെല്ലാക്രമണം. യുക്രൈന്‍ സൈന്യത്തിന്റെ അധീനതയിലുളള ഡോണസ്ക് മേഖലയിലെ സ്ലോവിയാന്‍സ്ക് നഗരത്തില്‍ നടത്തിയ ഷെല്ലാക്രമണം വീണ്ടും യുദ്ധത്തിന്റെ തീവ്രത കൂട്ടുമെന്നാണ് വിലയിരുത്തുന്നത്.
അതേ സമയം റഷ്യന്‍ പൗരന്മാരെ സൈന്യത്തിലേക്ക് ചേര്‍ക്കാനുളള നടപടിക്രമങ്ങള്‍ കര്‍ശനമാക്കി റഷ്യ. 2 ദിവസത്തെ ചര്‍ച്ചയ്ക്കൊടുവിലാണ് പാര്‍ലമെന്റില്‍ ബില്ല് പാസാക്കിയത്. നിബന്ധിത സൈനിക സേവനത്തിന് അറിയിപ്പ് ലഭിച്ചാല്‍ രാജ്യം വിട്ട് പോകുന്നത് വിലക്കുന്നത് അടക്കമുളള നിബന്ധനകള്‍ അടങ്ങുന്നതാണ് പുതിയ നിയമം.
അതിനിടെ യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുന്നതിനിടെ ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിച്ച് യുക്രൈന്‍ രംഗത്ത് വന്നിട്ടുണ്ട്. വൈദ്യസഹായവും മെഡിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ചാണ് ഇന്ത്യക്ക് യുക്രെയിന്‍ കത്ത് അയച്ചത്. ഇന്ത്യയിലെ ജി20 യോഗത്തില്‍ യുക്രൈന്‍ പ്രസിഡന്റിനെ കൂടി പങ്കെടുപ്പിക്കണമെന്നും അഭ്യര്‍ഥിച്ചു. യുക്രൈന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വഴിയാണ് സെലന്‍സ്കി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയത്.
സാമ്ബത്തിക പ്രതിസന്ധിയാണ് യുക്രൈന്‍ അഭിമുഖീകരിക്കുന്നത്. റഷ്യയുടെ അധിനിവേശം ഉക്രെയ്നിലെ 15 വര്‍ഷത്തെ സാമ്ബത്തിക പുരോഗതി ഇല്ലാതാക്കി. മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 29 ശതമാനം കുറയ്ക്കുകയും 1.7 ദശലക്ഷം ഉക്രേനിയക്കാരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തുവെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. യുദ്ധത്തിനിടെ 461 കുട്ടികള്‍ ഉള്‍പ്പെടെ 9,655 സിവിലിയന്മാരെങ്കിലും മരിച്ചതായാണ് സ്ഥിരീകരണം. ഏകദേശം 2 ദശലക്ഷം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.