റഷ്യൻ ഫിലിം ഫെസ്റ്റിവലിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ കണ്ട് റഷ്യക്കാർ കരഞ്ഞു: ചിദംബരം

single-img
6 October 2024

റഷ്യയിൽ കിനോ ബ്രാവോ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം സ്വന്തമാക്കി മലയാള സിനിമ ‘മഞ്ഞുമ്മൽ ബോയ്‌സ്’. ഫെസ്റ്റിവലിൽ മികച്ച സംഗീതത്തിനുള്ള പുരസ്‌കാരമാണ് ചിത്രം സ്വന്തമാക്കിയത് . സുഷിൻ ശ്യാമായിരുന്നു സംഗീതമൊരുക്കിയത്.

അതേസമയം, പ്രദർശനത്തിൽ ‘മഞ്ഞുമ്മൽ ബോയ്‌സ്’ കണ്ട് പല റഷ്യക്കാരും കരഞ്ഞെന്നും സ്‌ക്രീനിങ്ങിന് ശേഷം ധാരാളം പ്രേക്ഷകരാണ് കെട്ടിപ്പിടിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തതെന്നും സംവിധായകൻ ചിദംബരം പറഞ്ഞു.

നമ്മുടെ രാജ്യത്തെ പോലെ മികച്ച സ്വീകരണമായിരുന്നു മഞ്ഞുമ്മൽ ബോയ്‌സിന് റഷ്യയിൽ നിന്നും ലഭിച്ചത്. കേരളത്തിൽ നിന്നും ആരംഭിച്ച കഥ ഇപ്പോൾ സോച്ചിയിലെ കിനോ ബ്രാവോയിൽ എത്തിയിരിക്കുന്നു, ഇത് ഒരു അഭിമാനകരമായ യാത്രയായിരുന്നെന്നും ചിത്രത്തിന്റെ നിർമാതാവായ ഷോൺ ആൻ്റണി പറഞ്ഞു.

അതേസമയം, കിനോ ബ്രാവോ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും ഈ വർഷം മത്സര വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രവുമാണ് മഞ്ഞുമ്മൽ ബോയ്സ്.