ശബരിമല: വെര്‍ച്വല്‍ ക്യൂ മാത്രമായി തീര്‍ത്ഥാടനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനല്ല, ആര് വിചാരിച്ചാലും സാധിക്കില്ല: കെ സുരേന്ദ്രൻ

single-img
12 October 2024

ഇത്തവണ ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രമായി ഭക്തരെ കയറ്റാനാണ് തീരുമാനമെങ്കില്‍ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്ന് ബിജെപി കേരളാ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വെര്‍ച്വല്‍ ക്യൂ മാത്രമായി ശബരിമല തീര്‍ത്ഥാടനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനല്ല, ആര് വിചാരിച്ചാലും സാധിക്കില്ല. ഒരു വെര്‍ച്വല്‍ ക്യൂവും ഇല്ലാതെ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഭക്തരെ ബിജെപി സഹായിക്കുമെന്നും കെ സുരേന്ദ്രന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പരാജയപ്പെടുത്തിയവരാണ് ബിജെപിയെന്നും കെ സുരരേന്ദ്രന്‍ പറഞ്ഞു. ഒരു ഭക്തരേയും സര്‍ക്കാരിന് തടയാന്‍ കഴിയില്ല. വെര്‍ച്വല്‍ ക്യൂ ഇല്ലാതെ ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തരെ തങ്ങള്‍ ശബരിമലയില്‍ എത്തിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, ശബരിയില്‍ ഇത്തവണ ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രമായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഭക്തരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് തീരുമാനമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി പ്രശാന്ത് വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ ബുക്കിങാണെങ്കിലും മാലയിട്ട ആര്‍ക്കും ദര്‍ശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിലാണ് കെ സുരേന്ദ്രന്റെ പ്രതികരണം.