സച്ചിന്‍ പൈലറ്റ് സ്വന്തം പാർട്ടിയെ വഞ്ചിച്ച ചതിയൻ; ഒരിക്കലും മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ലെന്ന് അശോക് ഗെലോട്ട്
സച്ചിന്‍ പൈലറ്റിനെ സ്വന്തം പാർട്ടിയെ വഞ്ചിച്ച ചതിയനെന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ” സംസ്ഥാന നിയമസഭയിലെ 10 എംഎല്‍എമാരുടെ പിന്തുണയില്ലാത്ത സച്ചിന്‍ പൈലറ്റിനെ ഹൈക്കമാന്‍ഡിന് ഒരിക്കലും മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ല. മാത്രമല്ല ഒരു ചതിയനെ മുഖ്യമന്ത്രിയാക്കാനാവില്ല. നേതൃത്വത്തിനെതിരെ ലഹളയുണ്ടാക്കിയ ആളാണ് അയാള്‍ മാത്രമല്ല പാര്‍ട്ടിയെ വഞ്ചിച്ചയാളാണ്. ചതിയനാണ്” –ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഗെലോട്ട് പറഞ്ഞു.
രാജസ്ഥാനിലെ സ്വന്തം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പരിശ്രമിക്കുന്ന ഒരു പാര്‍ട്ടി പ്രസിഡന്റിനെ ഇന്ത്യ തന്നെ ആദ്യമായി കാണുകയാകും” – 2020ല്‍ സച്ചിന്‍ പൈലറ്റ് എംഎല്‍എമാരുമായി നടത്തിയ പ്രശ്‌നത്തെ ചൂണ്ടിക്കാട്ടി ഗെലോട്ട് പറഞ്ഞു. ബിജെപി ധാരാളമായി ഫണ്ട് ചെയ്ത പ്രതിസന്ധിയായിരുന്നു അതെന്നും തെളിവുകള്‍ നൽകാതെ ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.
”മന്ത്രിസഭയ്‌ക്കെതിരായ ലഹളയുടെ സമയം പൈലറ്റ് ഡല്‍ഹിയില്‍ വച്ച് കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ചില എംഎല്‍എമാര്‍ക്ക് 5 കോടിയും ചിലര്‍ക്ക് 10 കോടിയും ലഭിച്ചു. ബിജെപിയുടെ ഡല്‍ഹി ഓഫിസില്‍നിന്നാണ് പണം നല്‍കിയത്.’ – ഗെലോട്ട് ആരോപിച്ചു.