രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റ് ഉപവാസ സമരം തുടങ്ങി
ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റ് ഉപവാസ സമരം തുടങ്ങി. സമരം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് രാജസ്ഥാന്‍ സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ ട്വീറ്റ് ഇട്ടു.
കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിക്കുകയാണ് സച്ചിന്‍ പൈലറ്റെന്ന് ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു.
ഉപവാസ സമരം രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയെന്നാണ് രാജസ്ഥാന്‍ പ്രതിപക്ഷ നേതാവായ ബിജെപിയുടെ രാജേന്ദ്ര റാത്തോര്‍ വിമര്‍ശിച്ചത്. രാജ്യത്ത് കോണ്‍ഗ്രസ് ദുര്‍ബലമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍ സര്‍ക്കാര്‍ നീതിയുടെ പാതയില്‍ മുന്നേറുകയാണെന്നാണ് ഇതേ സമയത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ വന്ന ട്വീറ്റ്. സച്ചിന്‍ പൈലറ്റിന്റെ സമരം നടക്കാനിരിക്കെയാണ് ഗെലോട്ട് സര്‍ക്കാരിനെ പുകഴ്ത്തി ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.
രാജസ്ഥാനിലെ മുന്‍ ബിജെപി സര്‍ക്കാരിന്‍റെ അഴിമതി കേസുകളില്‍ നടപടി ആവശ്യപ്പെട്ടാണ് സച്ചിന്‍ പൈലറ്റ് ഒരു ദിവസത്തെ ഉപവാസ സമരം നടത്തുന്നത്. എന്നാല്‍ ഉപവാസ സമരം പാര്‍ട്ടി വിരുദ്ധമെന്ന് ഇന്നലെ എഐസിസി നേതൃത്വം പ്രസ്താവിച്ചിരുന്നു. രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവയാണ് പ്രസ്താവന പുറത്തിറക്കിയത്. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ അതിനകത്ത് തന്നെ ചര്‍ച്ച ചെയ്യണമെന്നും നേതൃത്വം വ്യക്തമാക്കി. ഉപവാസം നടത്തുന്നത് പാര്‍ട്ടിവിരുദ്ധമെന്നും എഐസിസി നേതൃത്വം സച്ചിന്‍ പൈലറ്റിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് മറികടന്നാണ് സച്ചിന്‍ പൈലറ്റിന്റെ സമരം.
രാഹുല്‍ഗാന്ധിയുടെ അയോഗ്യത വിഷയം, പ്രതിപക്ഷ ഐക്യം, കര്‍ണാടക തെരഞ്ഞെടുപ്പ് എന്നിവക്കിടെയാണ് സച്ചിന്‍ പൈലറ്റിന്റെ സമരം. പാര്‍ട്ടിയിലെ ആഭ്യന്തര കലഹം മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട പാര്‍ട്ടി നീക്കത്തിന് വലിയ തിരിച്ചടിക്ക് കാരണമാകുമെന്നതാണ് നേതൃത്വത്തെ ചൊടുപ്പിച്ചത്. വസുദ്ധര രാജെ സര്‍ക്കാരിനെതിരെയുളള അഴിമതി കേസുകളില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പൈലറ്റിന്‍റെ സമരം. എന്നാല്‍ അദ്ദേഹം ഉന്നം വെക്കുന്നത് മുഖ്യമന്ത്രിയും പാര്‍ട്ടിയിലെ തന്റെ എതിരാളിയുമായ അശോക് ഗെലോട്ടിനെയാണ്.
രാജസ്ഥാനിലെ ആഭ്യന്തര പ്രശ്നം വഷളായാല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ ബിജെപി മുതലെടുക്കുമെന്ന ആശങ്കയും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. അതിനാലാണ് രണ്‍ദാവയോട് വിഷയത്തില്‍ പെട്ടന്ന് ഇടപെടാന്‍ നിര്‍ദേശിച്ചത്. ഇന്നോ നാളെയോ രാജസ്ഥാനില്‍ പോകുമെന്ന് വ്യക്തമാക്കിയ രണ്‍ദാവെ ഇത്രയും നാളും കേസുകളില്‍ നടപടിയില്ലെന്നത് പ്രശ്നമായി പൈലറ്റ് ചൂണ്ടിക്കാണിച്ചിരുന്നില്ലെന്ന് കുറ്റപ്പെടുത്തി.
ബിജെപിക്കെതിരായ കേസുകളില്‍ മൃദു സമീപനമെന്ന വിമര്‍ശനം ഉണ്ടായില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അത് ബാധിക്കും. കേസുകളില്‍ ഇപ്പോള്‍ നടപടി പ്രഖ്യാപിച്ചാല്‍ അത് സച്ചിന്‍ പൈലറ്റിന്‍റെ വിജയമാകും. ഇത് രണ്ടും ഗെലോട്ട് പക്ഷത്തെ വിഷമ വൃത്തത്തില്‍ ആക്കുന്നുണ്ട്. രാജസ്ഥാനില്‍ എട്ട് മാസം മാത്രമേ തെരഞ്ഞടുപ്പിന് ബാക്കിയുള്ളു. 2020 ല്‍ ഗെലോട്ടിനെ മറിച്ചിട്ട് ഭരണം പിടിക്കാന്‍ ശ്രമം നടത്തിയ ശേഷം ഇത് ആദ്യമായാണ് പരസ്യ ഏറ്റുമുട്ടലിലേക്ക് പൈലറ്റ് കടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനായി ഗെലോട്ടിനെ നിയമിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം പൈലറ്റിന് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം നേരത്തേ ശ്രമിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറില്ലെന്ന് ഗെലോട്ട് കര്‍ശന നിലപാട് എടുത്തതോടെയാണ് എഐസിസിയുടെ ശ്രമം പാളിയത്.