മാ ശാരദാ ക്ഷേത്രത്തിലെ മുസ്ലീം ജീവനക്കാരെ പിരിച്ചുവിടാൻ മധ്യപ്രദേശ് സർക്കാർ

single-img
19 April 2023

മധ്യപ്രദേശിലെ പ്രശസ്തമായ മാ ശാരദാ ക്ഷേത്രത്തിലെ മുസ്ലീം ജീവനക്കാരെ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സാംസ്ക്കാരിക വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ സത്‌ന ജില്ലയിലെ മൈഹാറിലാണ് സംഭവം. മാ ശാരദയിൽ നിന്ന് മുസ്ലീം ജീവനക്കാരെ നീക്കം ചെയ്യുന്നത് സംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച നിർദ്ദേശം പാലിക്കാൻ വകുപ്പ് സത്ന ജില്ലാ ഭരണകൂടത്തിന് കത്ത് നൽകി.

ഏപ്രിൽ 5 ന് നിർദ്ദേശം പുറപ്പെടുവിച്ചെങ്കിലും ചൊവ്വാഴ്ച സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. ഇത് സംബന്ധിച്ച് നേരത്തെയും വിജ്ഞാപനം ഇറക്കിയിരുന്നെങ്കിലും പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും സാംസ്കാരിക വകുപ്പ് ഉത്തരവിൽ പറയുന്നു. അതിനാൽ, ഇതുമായി ബന്ധപ്പെട്ട് വകുപ്പ് പുറപ്പെടുവിച്ച നിർദ്ദേശം (കത്ത്) പാലിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

ശിവരാജ് സിംഗ് ചൗഹാന്റെ ക്യാബിനറ്റിൽ ടൂറിസം മന്ത്രി കൂടിയായ മുതിർന്ന ബിജെപി നേതാവ് ഉഷ താക്കൂറാണ് വകുപ്പിന്റെ ചുമതല വഹിക്കുന്നത്. ക്ഷേത്രപരിസരത്ത് സ്ഥിതി ചെയ്യുന്ന എല്ലാ ഇറച്ചിക്കടകളും മദ്യശാലകളും നീക്കം ചെയ്യുമെന്നും വകുപ്പ് അറിയിച്ചു.

വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ള വലതുപക്ഷ ഗ്രൂപ്പുകളുടെ ശുപാർശയെ തുടർന്നാണ് നടപടി. സത്‌ന ജില്ലയിലെ വലതുപക്ഷ സംഘടനകൾ ഈ വർഷം ജനുവരിയിൽ ഉഷാ താക്കൂറിന് ഒരു കത്ത് നൽകിയിരുന്നു, ഇതിനെ തുടർന്ന് മാ ശാരദാ ദേവി പ്രബന്ധ് സമിതിയുമായി ബന്ധപ്പെട്ട മുസ്ലീം ജീവനക്കാരെ നീക്കം ചെയ്യാൻ സത്‌ന ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. ജനുവരിയിൽ മന്ത്രി പുറപ്പെടുവിച്ച നിർദേശം പാലിക്കാനാണ് പുതിയ കത്ത് നൽകിയിരിക്കുന്നത്.

സംസ്ഥാനത്തെ ത്രികുട്ട് കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വിന്ധ്യ മേഖലയിലെ ഒരു ഹിന്ദു ആരാധനാലയമാണ്. 1,063 പടികൾ കയറിയാണ് ഭക്തർ ക്ഷേത്രത്തിലെത്തുന്നത്. തീർത്ഥാടകരുടെ സൗകര്യാർത്ഥം ഇപ്പോൾ റോപ്പ് വേ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.