ഇന്ത്യൻ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമർശം; സായ് പല്ലവിക്ക് നേരെ വീണ്ടും സൈബർ ആക്രമണം
2020 ൽ പുറത്തിറങ്ങിയ വിരാടപർവ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട് ആ സമയം നൽകിയ അഭിമുഖത്തിൽ സായ് പല്ലവി ഇന്ത്യൻ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമർശം അപ്പോൾ സൈബർ ആക്രമണങ്ങൾ വഴിവെച്ചിരുന്നു. ഇപ്പോൾ ഇതാ , സോഷ്യൽ മീഡിയയിൽ ആ പഴയ അഭിമുഖത്തിലെ ഭാഗങ്ങൾ വീണ്ടും വൈറലാകുകയാണ്.
ഇന്ത്യൻ സൈന്യം പാകിസ്താനിലെ ജനങ്ങളെ ഭീകരരായാണ് കാണുന്നതെന്നും പാക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നുമായിരുന്നു അഭിമുഖത്തിൽ സായ് പല്ലവി പറഞ്ഞത് . ഏതുതരത്തിലുള്ള അക്രമവും ശരിയായി തോന്നുന്നില്ലെന്നും അതിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കില്ലെന്നും സായ് പല്ലവി പറഞ്ഞിരുന്നു.
നക്‌സലുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയായിരുന്നു നടി .എന്നാൽ ഈ അഭിമുഖവും അതിലെ സായിയുടെ പരാമർശവും ഇന്നും വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സായ് പല്ലവിയുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കാത്തവരാണ് വിമർശനവുമായി വരുന്നവരിൽ പലരും എന്നതാണ് വിരോധാഭാസം .
ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള പാകിസ്താന്റെ കാഴ്ചപ്പാടിനെക്കുറിച്ചാണ് നടി പറയുന്നത്. എന്നാൽ അതിനെ ചിലർ വളച്ചൊടിക്കുകയായിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ മുൻപ് ചർച്ചയായതിനെ തുടർന്ന് സായ് പല്ലവി തന്നെ നേരിട്ടെത്തി വിശദീകരണം നൽകിയിരുന്നു. താൻ ഒരു കമ്മ്യൂണിറ്റിയെയും ആക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അഭിമുഖത്തിലെ ഒരു ഭാഗം മാത്രം എടുത്ത് പ്രചരിപ്പിക്കുന്നതിൽ വിഷമമുണ്ടെന്നും അന്ന് സായ് പല്ലവി പറഞ്ഞിരുന്നു.
നിലവിൽ ദീപാവലി റിലീസായെത്തുന്ന അമരൻ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് സായ് പല്ലവി . സൈനികനായിരുന്ന മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ ശിവകാർത്തികേയന്റെ നായികയായാണ് സായ് പല്ലവി എത്തുന്നത്.