പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് ബിഎംഎസ് വേദിയില്‍ പറഞ്ഞത് നിലപാട് തന്നെ: സുജയ പാര്‍വതി
ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് സംഘടിപ്പിച്ച വനിതാ സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതി. പ്രധാനമന്ത്രി മോദിയെ കുറിച്ച് നടത്തിയ പ്രസ്താവനയില്‍ ഉറച്ചുതന്നെ നില്‍ക്കുന്നതായും ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നെന്ന് കരുതി നിലപാട് മാറ്റില്ലെന്നും അവര്‍ ജനം ടിവിയോട് സംസാരിക്കവെ വ്യക്തമാക്കി.
എറണാകുളം ജില്ലയിലെ തൃപ്പുണ്ണിത്തുറയില്‍ വനിതാ ദിനത്തില്‍ ബിഎംഎസ് സംഘടിപ്പിച്ച വനിതാ സംഗമത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടുള്ള സുജയയുടെ പരാമര്‍ശം ഉണ്ടായത്. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം കൊണ്ട് നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്ന് തിരിഞ്ഞുനോക്കിയാല്‍ മനസ്സിലാകുമെന്നും അതിന് മുമ്പ് രാജ്യത്തിന്റെ അവസ്ഥ എങ്ങനെയായിരുന്നു എന്ന് ചിന്തിക്കണമെന്നും സുജയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
സുജയ ജനം ടിവിയോട് പറഞ്ഞ വാക്കുകൾ: ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് ബിഎംഎസ് വേദിയില്‍ പറഞ്ഞത് എന്റെ നിലപാട് തന്നെയാണ്. അത് മാറ്റാന്‍ തയ്യാറല്ല. മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ പ്രൊഫഷനോട് നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിത്തന്നെയാണ് ജോലി ചെയ്തിട്ടുള്ളത്.
മാധ്യമ ധര്‍മ്മത്തിനെതിരായ ഒന്നും തന്നെ ചെയ്തിട്ടില്ല. രാഷ്ട്രീയ കാഴ്ചപ്പാടിനെയും ജോലിയേയും രണ്ടായിട്ടാണ് കാണുന്നത്. പ്രതിഷേധങ്ങള്‍ ഉയര്‍ന്നെന്ന് കരുതി നിലപാട് മാറ്റാന്‍ ഞാൻ തയ്യാറല്ല’