മോൻസ് ജോസഫ് ഉള്ളതിനാൽ യുഡിഎഫിലേക്കും കേരള കോൺഗ്രസിലേക്കും മടങ്ങില്ലെന്ന് സജി മഞ്ഞക്കടമ്പിൽ
8 April 2024
കോട്ടയത്തെ യുഡിഎഫ് നടത്തിയ അനുനയ നീക്കങ്ങൾ പരാജയപ്പെട്ടു . മോൻസ് ജോസഫ് ഉള്ളതിനാൽ താൻ ഇനി യുഡിഎഫിലേക്കും കേരള കോൺഗ്രസിലേക്കും മടങ്ങില്ല. യുഡിഎഫിലേക്ക് തിരിച്ചുപോയാൽ അതൊരു ദുരന്തമാകുമെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
തന്റെ രാഷ്ട്രീയ ഭാവി തീരുമാനം കുടുംബവുമായി ചർച്ച ചെയ്‌ത് തീരുമാനിക്കും. ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ തിരുവഞ്ചൂർ ഉൾപ്പെടെ കോൺഗ്രസിലെ പ്രധാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. ജോസ് കെ മാണിയുടെ നല്ല വാക്കുകളിൽ അഭിമാനിക്കുന്നു എന്നും സജി കൂട്ടിച്ചേർത്തു.
അതേസമയം സജിക്ക് സ്വയം മടങ്ങിവരാമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സജി മഞ്ഞക്കടമ്പിൽ കോട്ടയം യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡൻ്റ് സ്ഥാനവും രാജിവച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുന്നില്ലെന്നായിരുന്നു സജിയുടെ പരാതി.