സജ്‌നമോള്‍, ശ്രീജ; ഇലന്തൂര്‍ ഇരട്ടനരബലിക്കേസിലെ മുഖ്യ സൂത്രധാരനായ ഷാഫിയുടെ രണ്ട് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ കൂടി കണ്ടെത്തി
കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലിക്കേസിലെ മുഖ്യ സൂത്രധാരനായ ഷാഫിയുടെ രണ്ട് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ കൂടി കണ്ടെത്തി.
സ്ത്രീകളുടെ പേരിലാണ് ഈ അക്കൗണ്ടുകള്‍. സജ്‌നമോള്‍, ശ്രീജ എന്നീ പേരുകളിലായിരുന്നു അക്കൗണ്ടുകള്‍. ഈ വ്യാജ പ്രൊഫൈലില്‍ നിന്നുള്ള ചാറ്റുകള്‍ പൊലീസ് വീണ്ടെടുത്തിട്ടുണ്ട്.
നരബലിക്കേസിലെ പ്രതികള്‍ക്കെതിരെ ഇരട്ടക്കൊലപാതകത്തിനു പുറമേ പീഡനക്കുറ്റം കൂടി ചുമത്താന്‍ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടി. പീഡിപ്പിച്ചു കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്ന അതീവഗുരുതര സ്വഭാവമുള്ള കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം. പത്മയുടെ മൃതദേഹത്തില്‍ നിന്ന് ഊരിയെടുത്ത 39 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് 1.10 ലക്ഷം രൂപയാണ് ഷാഫി വാങ്ങിയത്.
രണ്ടാമത്തെ നരബലിയുടെ സമയത്ത് പ്രതികള്‍ കാളീ പൂജ നടത്തിയതായി പൊലീസ് സൂചിപ്പിച്ചു. പത്മയെ കൊലപ്പെടുത്തിയ സമയത്ത് തലയ്ക്ക് പിറകിലായി കാളീ ചിത്രം വെച്ച് അതിന് മുന്നില്‍ വിളക്ക് കത്തിച്ചു. നരബലി ഫലിക്കണമെങ്കില്‍ ഇങ്ങനെ ചെയ്യണമെന്ന് ആഭിചാര ഗ്രന്ധങ്ങളിലുണ്ടെന്നാണ് ഭഗവല്‍ സിംഗ് ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്.
അതിനിടെ, കൂട്ടുപ്രതികളായ ദമ്ബതികളെ ഭീഷണിപ്പെടുത്തി അവരുടെ സ്വത്ത് തട്ടിയെടുക്കാനും മുഖ്യപ്രതി ഷാഫി പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. ശ്രീദേവിയെന്ന പേരില്‍ ഫെയ്സ്ബുക്കിലൂടെ ഇവരെ വീഴ്ത്തിയ അതേ തന്ത്രം പ്രയോഗിച്ചു പുതിയ വ്യാജ പ്രൊഫൈലിലൂടെ പിന്നീട് ഇവരെ ബ്ലാക്ക്മെയില്‍ ചെയ്യാനായിരുന്നു ഷാഫിയുടെ പദ്ധതിയെന്ന് പൊലീസ് വ്യക്തമാക്കി.