വയനാടിനായി സാലറി ചലഞ്ച്; സമ്മതപത്രം നൽകാത്തവരിൽ നിന്ന് ശമ്പളം പിടിക്കില്ലെന്ന് സർക്കാർ
ഉരുൾപൊട്ടലിൽ തകർന്ന വയനാടിന്റെ പുനർ നിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിൽ സമ്മതപത്രം നൽകാത്തവരിൽ നിന്ന് ശമ്പളം പിടിക്കില്ലെന്ന് വ്യക്തമാക്കി സർക്കാർ.
പിഎഫ് വായ്പയ്ക്ക് അപേക്ഷിക്കാനും തടസമില്ലെന്ന് സർക്കാർ അറിയിച്ചു. എല്ലാ ജീവനക്കാരിൽ നിന്നും ശമ്പളം പിടിക്കുമെന്ന് അറിയിച്ച് ഐഎംജിയും കെഎസ്ഇബിയും സർക്കുലർ ഇറക്കിയിരുന്നു. ഇത് വിവാദമായതോടെയാണ് വിശദീകരണവുമായി സർക്കാർ രംഗത്തെത്തിയത്.
ഏറ്റവും കുറഞ്ഞത് അഞ്ച് ദിവസത്തെ ശമ്പളം നൽകണമെന്നും അതിനുവേണ്ടിയുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് സർക്കാർ ഉത്തരവിട്ടത്. ഇത്തരത്തിൽ കിട്ടുന്ന തുക ഒരു പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും. പരമാവധി മൂന്ന് ഗഡുക്കളായി തുക നൽകണമെന്നും സമ്മതപത്രം നൽകുന്ന ജീവനക്കാരിൽ നിന്ന് അടുത്ത മാസത്തെ ശമ്പളം മുതൽ പണം ഈടാക്കി തുടങ്ങുമെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത് . പിഎഫ് തുകയും ജീവനക്കാർക്ക് സംഭാവനയായി നൽകാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.