കെഎസ്‌ആര്‍ടിസിയില്‍ ശമ്ബള വിതരണം തുടങ്ങി
കോഴിക്കോട്: കെഎസ്‌ആര്‍ടിസിയില്‍ ശമ്ബള വിതരണം തുടങ്ങി. ഹൈക്കോടതി നിര്‍ദേശപ്രകാരം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കുടിശ്ശികയായ ശമ്ബളത്തിന്റെ മൂന്നിലൊന്നാണ് വിതരണം ചെയ്യുന്നത്.
ശമ്ബള വിതരണത്തിനായി 50 കോടി രൂപ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കെഎസ്‌ആര്‍ടിസിക്ക് കൈമാറിയിരുന്നു. ശമ്ബള വിതരണം ഇന്നും തിങ്കളാഴ്ചയുമായി പൂര്‍ത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്‌ആര്‍ടിസിയുടെ ഗതി നിര്‍ണയിക്കുന്ന ചര്‍ച്ചയാണ് തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ചത്തെ ചര്‍ച്ച നിര്‍ണായകമാണ്. ഡ്യൂട്ടി പരിഷ്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്ന് തീരുമാനമാകുമെന്നാണ് പ്രതീക്ഷ. ജീവനക്കാര്‍ക്ക് കൂപ്പണ്‍ അടിച്ചേല്‍പ്പിക്കില്ലെന്നും താല്‍പര്യം ഉള്ളവര്‍ വാങ്ങിയാല്‍ മതിയെന്നും ആന്റണി രാജു അറിയിച്ചു.
ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്ബളത്തിന്റെ ഒരു ഭാഗം ജീവനക്കാര്‍ക്ക് നല്‍കാന്‍ 50 കോടി രൂപ നല്‍കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഈ പണം കിട്ടിയതോടെയാണ് ശമ്ബള വിതരണം ആരംഭിച്ചത്.