തട്ടിക്കൊണ്ടു പോയത് കൊടുവള്ളി സ്വദേശി സാലി; പ്രവാസിയെ തട്ടിക്കൊണ്ടു പോയി വിട്ടയച്ച സംഭവത്തില്‍ പ്രതിയുടെ മൊഴി പുറത്ത്

single-img
18 April 2023

കോഴിക്കോട് താമരശ്ശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടു പോയി വിട്ടയച്ച സംഭവത്തില്‍ പ്രതിയുടെ മൊഴി പുറത്ത്.

തന്നെ തട്ടിക്കൊണ്ടു പോയത് കൊടുവള്ളി സ്വദേശി സാലിയാണെന്നാണ് മുഹമ്മദ്‌ ഷാഫിയുടെ മൊഴി. ഗള്‍ഫില്‍ വെച്ചുള്ള പണമിടപാടിന്റെ പേരിലാണ് തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടു പോയവര്‍ ശരീരികമായി ഉപദ്രവിച്ചു. ഭീഷണിപ്പെടുത്തിയാണ് വീഡിയോയില്‍ സഹോദരനെതിരെ പറയിച്ചതെന്നും ഷാഫി അന്വേഷണ സംഘത്തിന് മൊഴി നല്‍കി നല്‍കിയിട്ടുണ്ട്.

ഇന്നലെ വൈകീട്ടോടെയാണ് ഷാഫിയെ ക‍ര്‍ണാടകയില്‍ നിന്ന് കണ്ടെത്തിയത്. കര്‍ണാടക കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന അന്തര്‍സംസ്ഥാന ബന്ധമുള്ള ക്വട്ടേഷന്‍ സംഘങ്ങളാണ് ഷാഫിയെ കടത്തിക്കൊണ്ടു പോയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഷാഫിയെ കാണാതായിട്ട് പത്ത് ദിവസമാകുന്നു. ഇന്ന് ഉച്ചയോടെയാണ് ഇയാള്‍ തിരികെയെത്തിയത്. സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത കാസര്‍കോട് സ്വദേശികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

മുഹമ്മദ് നൗഷാദ്, ഇസ്മയില്‍ ആസിഫ്, അബ്ദുറഹ്മാന്‍, ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ രണ്ടാഴ്ച മുന്‍പ് പരപ്പന്‍പൊയിലില്‍ നിരീക്ഷണത്തിനായി എത്തിയ സംഘം സഞ്ചരിച്ച കാര്‍ ഹുസൈനാണ് വാടകക്ക് എടുത്ത് നല്‍കിയത്. മറ്റു മൂന്നു പേര്‍ കാറില്‍ എത്തിയവരാണ് എന്നാണ് കിട്ടിയ വിവരം. അറസ്റ്റ് ചെയ്തവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയരാക്കി.