വൻകിട കമ്ബനികള്‍ പിരിച്ചുവിടലുകള്‍ തുടരുന്നതിന് ഇടയില്‍ വ്യത്യസ്ത നിലപാടുമായി സാംസങ്ങ്

single-img
2 December 2022

മെറ്റ, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, ആമസോണ്‍ തുടങ്ങിയ കമ്ബനികള്‍ പിരിച്ചുവിടലുകള്‍ തുടരുന്നതിന് ഇടയില്‍ വ്യത്യസ്ത നിലപാടുമായി സാംസങ്ങ്.

ആഗോളവന്‍കിട കമ്ബനികള്‍ കൂട്ടപിരിച്ചുവിടല്‍ നടത്തുമ്ബോള്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തുകയാണ് സാംസങ്ങ്. ഇന്ത്യയിലെ ഗവേഷണവിഭാഗം ശക്തിപ്പെടുത്തുകയാണ് കൊറിയന്‍ കമ്ബനിയായ സാംസങിന്റെ ലക്ഷ്യം. ഐ.ഐ.ടി.കളില്‍ നിന്നും മുന്‍നിര എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുമായാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. 1,000 പേരെ നിയമിക്കുമെന്നാണ് കമ്ബനി പറഞ്ഞിരിക്കുന്നത്.

ബെംഗലുരു, നോയിഡ, ഡല്‍ഹി എന്നി സ്ഥലങ്ങളിലെ റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കും ബെംഗളൂരുവിലുള്ള സാംസങ് സെമികണ്ടക്ടര്‍ ഇന്ത്യ റിസര്‍ച്ചിലേക്കുമാണ് പുതിയ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. നിര്‍മിതബുദ്ധി, മെഷീന്‍ ലേണിങ്, ഇമേജ് പ്രോസസിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, കണക്ടിവിറ്റി, ക്ലൗഡ്, ബിഗ് ഡേറ്റ, പ്രൊഡക്ടീവ് അനാലിസിസ്, വിവരശേഖരണം എന്നിങ്ങനെയുള്ള സാങ്കേതിക വിദ്യകളിലെ ഗവേഷണപ്രവര്‍ത്തനങ്ങളാണ് കമ്ബനി ലക്ഷ്യമിടുന്നത്. 2023 ല്‍ ഇവരുടെ നിയമനം നടക്കും. ഈ നിയമന സീസണില്‍, ഐഐടി മദ്രാസ്, ഐഐടി ഡല്‍ഹി, ഐഐടി ഹൈദരാബാദ്, ഐഐടി ബോംബെ, ഐഐടി റൂര്‍ക്കി, ഐഐടി ഖരഗ്പൂര്‍, ഐഐടി കാണ്‍പൂര്‍, ഐഐടി ഗുവാഹത്തി, ഐഐടി ബിഎച്ച്‌യു തുടങ്ങിയ പ്രമുഖ ഐഐടികളില്‍ നിന്നുള്ള 200 ഓളം എന്‍ജിനീയര്‍മാരെ സാംസങ് നിയമിക്കും.

ഐഐടികളിലെയും മറ്റ് മികച്ച സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് 400-ലധികം പ്രീ പ്ലേസ്‌മെന്റ് ഓഫറുകളും (പിപിഒ) കമ്ബനി വാഗ്ദാനം ചെയ്തിട്ടുണ്ട്.ഇന്ത്യയിലെ സാംസങ് ഗവേഷണ കേന്ദ്രങ്ങള്‍ മള്‍ട്ടി-ക്യാമറ സൊല്യൂഷനുകള്‍, ടെലിവിഷനുകള്‍, ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍, 5ജി, 6ജി, അള്‍ട്രാ വൈഡ്ബാന്‍ഡ് വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍സ് പ്രോട്ടോക്കോള്‍ തുടങ്ങിയ മേഖലകളില്‍ 7,500-ലധികം പേറ്റന്റുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഈ പേറ്റന്റുകളില്‍ പലതും സാംസങ് മുന്‍നിര ഗാലക്‌സി സ്‌മാര്‍ട്ട്‌ഫോണുകള്‍, സ്‌മാര്‍ട്ട് വാച്ചുകള്‍, നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍, ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയിലായി വാണിജ്യവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ വെച്ച്‌ നടത്തിയ കണ്ടുപിടിത്തങ്ങള്‍ക്കായുള്ള ഒന്നാം നമ്ബര്‍ പേറ്റന്റ് ഫയലറായി ഉയര്‍ന്നു വന്നിരിക്കുന്നത് സാംസങ്ങാണ്.