പാടുന്നത് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല; ഗായകൻ സൂരജ് സന്തോഷിനെതിരെ അധിക്ഷേപവുമായി സന്ദീപ് വാര്യർ

single-img
17 January 2024

ഗായകൻ സൂരജ് സന്തോഷിനെതിരെ അധിക്ഷേപവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും ആഹ്വാനം ചെയ്ത ഗായിക കെ എസ് ചിത്രയെ സൂരജ് വിമർശിച്ചതിന് പിന്നാലെയാണ് സന്ദീപ് വാര്യയുടെ രംഗപ്രവേശം .

‘ ഇപ്പോഴുള്ള പുരുഷ ഗായകരുടെ ഒരു പ്രശ്നമായി തോന്നിയിട്ടുള്ളത് പാടുന്നത് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണെന്നും ഇപ്പോഴത്തെ തലമുറയിലെ ചില ഗായകർ സംഗീതത്തേക്കാൾ ഉപാസിക്കുന്നത് എന്താണെന്ന് അവരുടെ ശബ്ദവും കോലവും കാണിച്ചു തരുന്നുണ്ടെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ എഴുതി.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇപ്പോഴത്തെ പുരുഷ ഗായകരുടെ ഒരു പ്രശ്നമായി തോന്നിയിട്ടുള്ളത് പാടുന്നത് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണ് . യേശുദാസ് മുതൽ മധു ബാലകൃഷ്ണൻ വരെ നമ്മുടെ ഗായകരെല്ലാം പാടുമ്പോൾ ഒരു ഗാംഭീര്യവും മനോഹാരിതയും ഫീൽ ചെയ്യുമായിരുന്നു . സംഗീതം അവർക്കൊക്കെ ഉപാസനയായിരുന്നു . സംഗീതമായിരുന്നു അവർക്ക് ലഹരി .

ഇപ്പോഴത്തെ തലമുറയിലെ ചില ഗായകർ സംഗീതത്തേക്കാൾ ഉപാസിക്കുന്നത് എന്താണെന്ന് അവരുടെ ശബ്ദവും കോലവും കാണിച്ചു തരുന്നുണ്ട് . പ്രഷർകുക്കറിൽ നിന്ന് വായു പോകുന്നത് പോലെയാണ് ശബ്ദം . ഒരു ഹരിമുരളീരവമോ പ്രമദവനമോ ഇവനൊക്കെ പാടിയാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ .കള്ളത്തൊണ്ട വച്ച് കാണിക്കുന്ന അഭ്യാസമാക്കി ഇവർ സംഗീതത്തെ തരം താഴ്ത്തിയിരിക്കുന്നു . അതുകൊണ്ടു തന്നെയാവണം ഇവർ പാടുന്ന ഒരു പാട്ട് പോലും നമ്മുടെയൊന്നും ചുണ്ടിൽ ആവർത്തിക്കപ്പെടുന്നില്ല .