സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള വരവ് എതിർത്തിരുന്നു: കെ മുരളീധരൻ
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെ ഒളിയുമ്പുമായി രംഗത്തെത്തിയ കെ മുരളീധരൻ ഇന്ന് ആ വിയോജിപ്പ് പരസ്യമാക്കി. സന്ദീപ് വാര്യരെ നേരിട്ട് കണ്ടിട്ട് പോലുമില്ലെന്നും എതിർപ്പ് രണ്ട് കാര്യങ്ങൾ കൊണ്ടാണ് സന്ദീപിന്റെ വരവിനെ എതിർത്തിരുന്നതെന്നും കെ മുരളീധരൻ വ്യക്തമാക്കി.
അതിൽ ഒന്നാമത്തേത് രാഹുൽഗാന്ധിയെ വ്യക്തിപരമായി വിമർശിച്ചതും രണ്ട് ഗാന്ധിവധത്തെ കുറിച്ച് പറഞ്ഞതുമാണ്. അല്ലാതെ തനിക്ക് സന്ദീപ് വാര്യരുമായി തനിക്ക് പ്രശ്നമില്ല. ടി വിയിലൂടെയാണ് സന്ദീപ് വാര്യരുടെ വരവ് അറിഞ്ഞതെന്നും കെ മുരളീധരൻ വ്യക്തമാക്കി.
ഒരു രാഷ്ട്രീയപാർട്ടിയിൽ നിന്നും മറ്റു രാഷ്ട്രീയപാർട്ടിയിലേക്ക് വരുന്നതൊക്കെ സ്വാഭാവികമാണ്. നാളെ സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖരും ജോർജ് കുര്യൻ വന്നാലും താൻ സ്വീകരിക്കും.ഇന്നലെ മുതൽ സന്ദീപ് വാര്യർ കോൺഗ്രസുകാരനാണ്. ഇന്ന് പാണക്കാട് പോയി തങ്ങളെ കൂടി കണ്ടതോടെ യുഡിഎഫുകാരനായി. ഇനി അതിൽ മറ്റൊന്നും പറയാനില്ല.അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ പാർട്ടി തീരുമാനം അംഗീകരിക്കും മുരളീധരൻ പറഞ്ഞു.
താനത്ര പ്രധാനപ്പെട്ട നേതാവ് ഒന്നുമല്ലാത്തതുകൊണ്ടാവും സന്ദീപ് വാര്യരുടെ വരവ് അറിയിക്കാത്തത്. സന്ദീപ് വാര്യർ വന്നാലും വന്നില്ലെങ്കിലും പാലക്കാട് വലിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് ജയിക്കും മുരളീധരൻ കൂട്ടിച്ചേർത്തു.