സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ വീണ്ടും അട്ടിമറി; പ്രതിയുടെ സഹോദരൻ മൊഴിമാറ്റി


സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ വീണ്ടും അട്ടിമറിയെന്നു സംശയം. കേസുമായി ബന്ധപ്പെട്ടു വെളിപ്പെടുത്തൽ നടത്തിയ പ്രതിയുടെ സഹോദരൻ പ്രശാന്ത് മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴിയിലാണ് നിലപാട് മാറ്റിയത്. ക്രൈംബ്രാഞ്ച് നിർബന്ധിച്ച് പറയിപ്പിച്ചതാണെന്നാണ് പ്രശാന്തിന്റെ ഏറ്റവും പുതിയ മൊഴി.
നാലരവർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ക്രൈം ബ്രാഞ്ചിന് ഒരു തുമ്പു കിട്ടുന്നത്. തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമം കത്തിച്ച സംഭവത്തിൽ ആർ.എസ്.എസുകാരനായ ഈയിടെ ആത്മഹത്യചെയ്ത തന്റെ സഹോദരന് പങ്കുണ്ടെന്ന വെളിപ്പെടുത്തലോടെയാണ് കേസ് അന്വേഷണത്തിന് വീണ്ടും ജീവൻ വെക്കുന്നത്.
എന്നാൽ, പ്രശാന്ത് മൊഴി മാറ്റിയാലും പ്രശ്നമില്ല തെളിവുകൾ കൈവശമുണ്ടെന്നാണ് ഇതുസംബന്ധിച്ച ക്രൈംബ്രാഞ്ച് വിശദീകരണം.
ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചതിനെ തടുർന്ന് 2018 ഒക്ടോബർ 27ന് പുലർച്ചെയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം തീയിട്ടത്. രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. സംഭവസമയത്ത് ആശ്രമത്തിലെ സി.സി.ടി.വി പ്രവർത്തനരഹിതമായിരുന്നു.